കോഴിക്കോട്: ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ആദ്യം ആധാർ - സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പുകൾ ജൂലായ് 23 ന് നടക്കും. ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിലുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണ് 'ആദ്യം ആധാർ'.
കൂടുതൽ രജിസ്ട്രേഷനുള്ള വാർഡുകൾ അടിസ്ഥാനപ്പെടുത്തി ക്ലസ്റ്റർ തിരിച്ചാണ് എൻറോൾമെന്റ് ക്യാമ്പുകൾ രൂപീകരിച്ചിട്ടുള്ളത്. അടിസ്ഥാന രേഖകളുടെ അപര്യാപ്തത മൂലം സർക്കാർ സേവനങ്ങൾ തടസ്സപ്പെടരുതെന്ന സർക്കാരിന്റെ പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശ്രമത്തിന് ജില്ലയിൽ തുടക്കം കുറിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞമാണിത്.
ജില്ലയിലാകെ 300 ഓളം ക്യാമ്പുകളാണ് സജ്ജീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പോസ്റ്റൽ വകുപ്പ്, നാഷ്ണൽ ഹെൽത്ത് മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പ്, ഐ.ടി. മിഷൻ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പരിശ്രമ ഫലമായാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം 20,000 ത്തോളം പേരെ രജിസ്റ്റർ ചെയ്യാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ ക്യാമ്പുകൾക്ക് തദ്ദേശ സ്ഥാപന അധ്യക്ഷമാർ നേരിട്ട് മേൽനോട്ടം വഹിക്കും. ആധാർ എടുത്തിട്ടില്ലാത്ത പൂജ്യം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. വാർഡ് തലങ്ങളിൽ നിന്ന് അങ്കണവാടി, ആശാ വർക്കർമാരാണ് വിവരശേഖരണം നടത്തുന്നത്. യജ്ഞത്തിൽ ഒന്നര ലക്ഷത്തിലധികം പേരെ ഭാഗവാക്കാക്കാനാണ് ലക്ഷ്യം വെക്കുന്നത്.
ജനപ്രതിനിധികളും ജില്ലാ കലക്ടർ, സബ് കലക്ടർ, അസി. കലക്ടർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥരും തിരഞ്ഞെടുത്ത ക്യാമ്പുകളിൽ സന്ദർശനം നടത്തും. താലൂക്ക്, പഞ്ചായത്ത്തല ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കും.
ക്യാമ്പ് സജ്ജീകരണങ്ങൾക്ക് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, അക്ഷയ / പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, തദ്ദേശ വളന്റിയർമാർ, ആർ.ആർ.ടി. അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കും.
ക്യാമ്പ് നടത്തിപ്പിനോടനുബന്ധിച്ച് ആധാർ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച ബോധവത്കരണവും വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും നടത്തും. പദ്ധതി വിശദീകരണത്തിനും ക്യാമ്പ് സജ്ജീകരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ വിവിധ ഘട്ടങ്ങളായി യോഗം ചേർന്നിരുന്നു. ജില്ലാ കലക്ടറുടെ ഇന്റേർൺസിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് രൂപീകരിച്ച മിഷൻ ടീമാണ് ജില്ലാ തല ഏകോപനം നിർവഹിക്കുന്നത്.
Share your comments