കാക്ക കൊത്തി താഴെയിട്ടും ആര്‍ക്കും വേണ്ടാതെ തറയില്‍വീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോള്‍ എന്തുവിലകൊടുത്തായാലും വാങ്ങാന്‍ ആളുണ്ട്. ഒരു കാലത്ത് പഞ്ഞ മാസങ്ങളില്‍ മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു അയിനിചക്ക, ആനിക്ക, ഐനിചക്ക തുടങ്ങി പലപേരുകളില്‍ അറിയപ്പെടുന്ന ആഞ്ഞിലിചക്ക. വിളഞ്ഞ ആഞ്ഞിലി ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്ന് വേറെതന്നെയാണെന്ന് പഴമക്കാര്‍ പറയുന്നു. ആഞ്ഞിലി ചക്ക ചെറുതായി അരിഞ്ഞ് തോരനായും ഉപയോഗിക്കുവാന്‍ കഴിയും. ആഞ്ഞിലിച്ചക്കയുടെ കുരു വറുത്ത് തൊലികളഞ്ഞ് കപ്പലണ്ടിപോലെ കൊറിക്കാനും ഉപയോഗിച്ചിരുന്നു.
സ്വാദിഷ്ടമായ പഴം എന്നതിനുപുറമേ ഔഷധമായും ആഞ്ഞിലിചക്ക ഉപയോഗിക്കാം. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേര്‍ത്തു കഴിക്കുന്നത് ആസ്തമയ്ക്കു നല്ല ഔഷധമാണ്. ആഞ്ഞിലിക്കുരുവില്‍ നിന്നുള്ള എണ്ണ ത്വക്ക് രോഗങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എന്തായാലും വേനല്‍ക്കാലം ആഘോഷമാക്കുന്നതിനൊപ്പം ആഞ്ഞിലിച്ചക്കയുടെ തിരിച്ചുവരവും ആസ്വദിക്കുകയാണ് പുതുതലമുറ. പോയകാലത്തിന്‍െ രുചികളെ തിരിച്ചുപിടിക്കുന്നതിന്റെ ആശ്വാസത്തില്‍ പഴയതലമുറയും.
Share your comments