യുവജനങ്ങളെ കാലി വളർത്തലിലേക്ക് ആകർഷിക്കാനും ക്ഷീര മേഖലയിലെ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ചലച്ചിത്രതാരം ജയറാമിനെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു. പെരുമ്പാവൂർ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം കേരള ഫീഡ്സിന്റെ മാതൃക ഫാമായി മാറ്റുമെന്നും കേരള ഫീഡ്സ് ചെയർമാൻ കെ എസ് ഇന്ദുശേഖരൻ നായരും എംഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു.
ഇതോടൊപ്പം കാലിവളർത്തലിന് കേരള ഫീഡ്സ് പ്രത്യേക പദ്ധതികളും നടപ്പാക്കും. പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിൽ സംസ്ഥാനത്തെ സഹായിക്കുന്നതിന് ക്ഷീരോത്പാദക സംരംഭങ്ങൾ വളർത്തുന്നതിനു വേണ്ടിയാണ് കേരള ഫീഡ്സ് പ്രോത്സാഹനവുമായി മുന്നോട്ടു വരുന്നത്. സുരക്ഷിതമായ പാൽ, ആരോഗ്യമുള്ള പശു എന്ന നയമാണ് കേരള ഫീഡ്സിനെ മുന്നോട്ടു നയിക്കുന്നതെന്ന് കെ എസ് ഇന്ദുശേഖരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ജയറാമിന്റെ അധികമാരും അറിയാത്ത താത്പര്യങ്ങളിലൊന്നാണ് പശുവളർത്തൽ. പശുപരിപാലനത്തിലും ഏറെ ശ്രദ്ധ വെയ്ക്കുന്നു. അത്യാധുനിക രീതികൾ അവലംബിച്ചിട്ടുള്ള ഈ ഫാം മറ്റ് സംരംഭകർക്ക് മുന്നിൽ കേരള ഫീഡ്സ് മാതൃകയാക്കി അവതരിപ്പിക്കാൻ വേണ്ടിയാണ് ജയറാമിനെ കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബസിഡറാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Share your comments