ഇന്ത്യയിൽ നിന്നുള്ള വെള്ള അരി കയറ്റുമതി നിരോധിച്ചതിനെ തുടർന്ന് വരും മാസങ്ങളിൽ ഗൾഫിൽ അരിയ്ക്ക് ക്ഷാമം ഉണ്ടായേക്കുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. നിലവിൽ ഒരിടത്തും ക്ഷാമമില്ലെങ്കിലും പ്രവാസികൾ കൂടുതലായി അരി വാങ്ങി ശേഖരിക്കുന്നത് വിപണിയെ മോശമായി ബാധിച്ചിട്ടുണ്ട്. ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന അരിച്ചാക്കുകൾ മൊത്തവിതരണക്കാർ കടകളിലേക്ക് എത്തിച്ച് തുടങ്ങിയതായി വ്യാപാരികൾ പറഞ്ഞു, ഈ സ്റ്റോക്ക് തീർന്നാൽ അരിയ്ക്ക് ക്ഷാമം നേരിടും.
വിദേശ രാജ്യങ്ങളായ പാക്കിസ്ഥാൻ, തായ് ലാൻഡ്, വിയറ്റ് നാം എന്നിവിടങ്ങളിൽ നിന്ന് അരി ഇറക്കുമതിയുള്ളതിനാൽ അരിയ്ക്ക് രൂക്ഷമായ ക്ഷാമം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ അറിയിച്ചു. പക്ഷെ, പ്രവാസികൾക്ക് ഇന്ത്യൻ അരി കിട്ടാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കും, നേരത്തെ ഗോതമ്പ് നിരോധന കാലത്തും ഇതേ പ്രശ്‌നം യുഎഇയിലെ പ്രവാസികൾ നേരിട്ടിരുന്നു. സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ ഭാഗമായി അന്ന് ഗോതമ്പ് കയറ്റുമതിയിൽ യുഎഇ ഇന്ത്യയ്ക്ക് ഇളവ് നൽകിയിരുന്നു.
എന്നാൽ അരി കയറ്റുമതിയിൽ നിലവിൽ ഒരു രാജ്യത്തിനും ഇളവില്ല, നിലവിൽ പച്ചരി മാത്രമാണെങ്കിലും ബസുമതി ഒഴികെയുള്ള എല്ലാത്തരം അരിയും നിരോധിക്കാനുള്ള ആലോചനയിലാണ് കേന്ദ്രം. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ മട്ട, മറ്റ് അരി പാക്കുകൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയാണ്. അരിയ്ക്ക് ആവശ്യം കൂടിയെങ്കിലും വിലയിൽ കാര്യമായ മാറ്റമില്ല. 5 കിലോയുള്ള മട്ടയരി കിറ്റിന് 13 മുതൽ 15 ദിർഹമാണ് ശരാശരി വില, ഇത് ഏകദേശം 335 രൂപയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ അരി കയറ്റി അയക്കുന്നത് ഇന്ത്യയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലർട്ട്
Pic Courtesy: Pexels.com
Share your comments