കൊല്ലം: അഗ്മാര്‍ക്ക് കൊല്ലത്ത് സംഘടിപ്പിക്കുന്ന ദേശീയ പ്രദര്‍ശന മേള വന്‍ വിജയമാക്കണമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അഭ്യര്‍ത്ഥിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷം നമ്മുടെ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയതും അത്യാകര്‍ഷകവും വൈവിദ്ധ്യ പൂര്‍ണ്ണവുമായ ഈ മേള കുടുംബ സമേതം സന്ദര്‍ശിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രദര്‍ശന ഉദ്ഘാടനത്തിന് ഗവര്‍ണര്‍ എത്തുമ്പോഴുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കലക്ടര്‍ വിലയിരുത്തി. ഫെബ്രുവരി 15 മുതല്‍ 19 വരെ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലാണ് മേള. ഇതിന്റെ ക്രമീകരണങ്ങള്‍ക്ക് വിവിധ വകുപ്പുകളെ കളക്ടര്‍ ചുമതലപ്പെടുത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസി. അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് അഡൈ്വസറും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി കെ ഹമീദ്കുട്ടി, സബ് കളക്ടര്‍ അലക്സാണ്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി എച്ച് നജീബ്, കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ടി. സുധീര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ആര്‍. സുരേഷ്, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ ദേവേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments