
മണ്ണിന്റെ ഗുണനിലവാരവും വളക്കൂറും പോഷക മൂലകങ്ങൾ മനസിലാക്കിയുള്ള കൃഷിരീതികളും നിർബന്ധമാണ്. കാലാവസ്ഥാവ്യതിയാനം കാപ്പി, കുരുമുളക് കൃഷികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പ്രതിരോധിക്കാൻ കൃഷിയിൽ ശാസ്ത്രീയ പരിപാലനമുറകൾ നടത്തേണ്ടതുണ്ട്. രാസകൃഷി - രാസവളമല്ല ശാസ്ത്രീയ പരിപാലനമെന്നും സമ്മിശ്ര ബഹുനിലകൃഷി, പുതയിടല്‍, കോണ്ടൂര്‍ കൃഷിരീതി, ജൈവമതില്‍, ചകിരി കുഴികള്‍, ഓട എന്നിവ സജീവമായി കാപ്പി, കുരുമുളക് പരിപാലനത്തിന് അനിവാര്യമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
വായു, ജലം, മൂലകങ്ങള്‍, ജൈവാംശം, സൂക്ഷ്‌മ ജീവികള്‍ എന്നിവയുടെ സന്തുലിതാവസ്ഥ ശാസ്ത്രീയ പരിപാലന മുറയ്ക്ക് അനിവാര്യമാണ്. മണ്ണിന്റെ ആരോഗ്യമറിയാൻ മണ്ണ് പരിശോധനയും വേണം. ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ ഘടന മനസ്സിലാക്കി മാത്രമേ കാപ്പിയും കുരുമുളകും കൃഷി നടത്താൻ സാധിക്കുകയുള്ളൂ.
വയനാട് ജില്ലയിൽ മുപ്പതിലധികം സ്ഥലങ്ങളിൽ മണ്ണിന്റെ പി എച്ച് മൂല്യം അഞ്ചിൽ താഴെയാണ്. കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമാണ് മണ്ണിന് ആറിൽ കൂടുതൽ പി എച്ച് മൂല്യമുള്ളത്. ഇതു മൂലം കാപ്പി, കുരുമുളക് ചെടികളിൽ ദ്രുതവാട്ടം കൂടുതലാണ്. ഒരു ചെടിയിൽ ഒരിക്കൽ ദ്രുതവാട്ടം സംഭവിച്ചാൽ അതിനോട് ചേർന്നു നിൽക്കുന്ന എല്ലാം ചെടികളിലും ഇതിനുള്ള സാധ്യത കൂടുന്നു.

മണ്ണിന്റെ മൂല്യം അനുസരിച്ചു കൃഷി ചെയ്യണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. ഒരു തവണ വിളനാശം സംഭവിച്ചാൽ ആ വിളയുടെ എല്ലാം ഭാഗവും നശിപ്പിച്ചു കളഞ്ഞശേഷം ഒരു വർഷം കഴിഞ്ഞു വീണ്ടും അതേ സ്ഥലത്ത് കൃഷിയിറക്കാം.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം മേളയിലെ സെമിനാറിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖപ്രഭാഷണം നടത്തി. കൃഷി വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ പി. വിക്രമൻ വിഷയം അവതരിപ്പിച്ചു. 67,500 ഹെക്ടറിലുള്ള കാപ്പിയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഉത്പാദിക്കുന്ന കൃഷി. 38,000 ഹെക്ടറിൽ മാത്രമാണ് ജില്ലയിൽ കുരുമുളക് കൃഷി ചെയ്യുന്നത്. കാലക്രമേണ കുരുമുളക് കൃഷി കുറയുന്ന സാഹചര്യമാണ് കാണുന്നത്. ഈ സാഹചര്യത്തിന് മാറ്റം വരുത്താൻ കൃഷിയുടെ പ്രശ്നം മനസിലാക്കി സമീപിക്കാൻ കർഷകർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ് മോഡറേറ്ററായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ആത്മ പ്രൊജക്ട് ഡയറക്ടർ ജ്യോതി പി ബാബു, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ & ട്രെയിനിങ്) കെ ഷീബ ജോർജ് എന്നിവർ സംസാരിച്ചു.
Share your comments