ആലപ്പുഴ: എല്ലാ വർഷവും ജില്ല അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21 മുതൽ 28 വരെ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്ന കാർഷിക വ്യാവസായിക പ്രദർശനത്തോടനുബന്ധിച്ച് നൽകിവരുന്ന ജെ കൃഷ്ണൻ സ്മാരക കർഷക ശ്രേഷ്ഠ പുരസ്‌കാരത്തിന് സംയോജിത കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള ആലപ്പുഴ ജില്ലയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 സെന്ററിൽ കുറയാത്ത കൃഷിഭൂമിയിൽ സ്വന്തമായി സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് പ്രാവർത്തികമാക്കുകയോ ജൈവ കൃഷിയിൽ കൂടുതൽ ഉൽപാദനം കൈവരിക്കുകയോ ചെയ്തു കാർഷികവൃത്തിയിൽ വ്യത്യസ്ഥത പുലർത്തുന്നവർക്ക് മുൻഗണന ലഭിക്കും.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകന് 15,551 രൂപയും ശില്പവും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ നേരിട്ടോ കൃഷിഭവനുകൾ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് നാമനിർദ്ദേശം ചെയ്യാം. അപേക്ഷ ഫാറം ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷകൾ രണ്ടു സാക്ഷികൾ സഹിതം ജില്ല അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി, മാർത്തോമ പള്ളിക്ക് സമീപം, കവിത ബിൽഡിങ്, വൈ.എം.സി.എ, ആലപ്പുഴ-ഒന്ന് വിലാസത്തിൽ ഡിസംബർ 15നകം ലഭിക്കണം. പ്രദർശന നഗരിയിൽ സ്റ്റാളുകൾ പ്രവർത്തിപ്പിക്കാനാഗ്രഹിക്കുന്നവർക്കായി ബുക്കിങ് ആരംഭിച്ചു.
കാർഷിക നഴ്‌സറികൾക്ക് പ്രത്യേക പരിഗണന നൽകും. കാർഷിക വിളകൾ പ്രദർശിപ്പിക്കാൻ താൽപര്യമുള്ള കർഷകർക്ക് അവസരം നൽകും. കൂടുതൽ വിവരത്തിന് ഫോൺ: 9447225408, 9446937706,9496884318 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Share your comments