കണ്ണൂര്‍ കല്യാശ്ശേരി പഞ്ചായത്തിലെ ഇരിണാവില്‍ ഏതാനും വര്‍ഷം മുമ്പുവരെ ആര്‍ക്കും വേണ്ടാതെ കാടുമൂടി കിടന്നിരുന്ന സ്ഥലമായിരുന്നു അറവാടിത്താവ. തൊട്ടടുത്ത് ജലാശയമുള്ളതുകൊണ്ട് ഒരുകാലത്ത് കാര്‍ഷികസമൃദ്ധമായിരുന്ന ഈ പ്രദേശം പുതുതലമുറ കൃഷിയെ കൈവിട്ടതോടെയാണ് തരിശായി മാറിയത്. കാലക്രമത്തില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി. ശുദ്ധജലം നിറഞ്ഞിരുന്ന കായലില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും വന്നുമൂടാന്‍ തുടങ്ങി. ഇതിനൊരു മാറ്റമുണ്ടാകണമെന്ന പ്രദേശവാസികളുടെ ആഗ്രഹവും നാട്ടില്‍ വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കണമെന്ന സാമൂഹിക ഉത്തരവാദിത്വവും ഏറ്റെടുത്തു നടത്താന്‍ ഒരു സഹകരണ ബാങ്ക് മുന്നോട്ടുവന്നപ്പോള്‍ അറവാടിത്താവയില്‍ തെളിഞ്ഞത് ഹരിതകേരളത്തിന്റെ ആദ്യ മാതൃകകളിലൊന്നാണ്.
ഒന്നര ഏക്കര്‍ വരുന്ന പ്രകൃതിദത്ത ജലാശയത്തിനു ചുറ്റും തരിശായി കിടന്നിരുന്ന പതിനഞ്ച് ഏക്കറോളം സ്ഥലത്താണ് നാടിന്റെ സ്വന്തം ബാങ്കായ ഇരിണാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെയും ആത്മയുടെയും സഹകരണത്തോടെ പച്ചക്കറി കൃഷി തുടങ്ങിയത്. 'ഹരിത' എന്ന പേരില്‍ ഒരു സ്വയംസഹായസംഘം രൂപീകരിച്ചാണ് ഇതിന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പരമ്പരാഗത കര്‍ഷകരും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമുള്‍പ്പെടെ 60 അംഗങ്ങളാണ് ഹരിതയിലുള്ളത്. കൃഷി ഉദ്യോഗസ്ഥരും മുതിര്‍ന്ന കര്‍ഷകരും എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമനസ്സോടെ പങ്കാളികളായി. അന്നുവരെ കൃഷിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നവര്‍ പോലും ഹരിതയില്‍ നിന്നു പഠിച്ച കൃഷിപാഠങ്ങള്‍ പിന്നീട് സ്വന്തം വീട്ടുവളപ്പില്‍ വരെ പ്രാവര്‍ത്തികമാക്കി.
പരമ്പരാഗത സമ്പ്രദായങ്ങളോടൊപ്പം ആധുനിക കൃഷിരീതികളും കൂട്ടിയിണക്കിയാണ് ഹരിതയുടെ പ്രവര്‍ത്തകര്‍ വിഷരഹിത പച്ചക്കറി കൃഷിയൊരുക്കിയത്. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ മണ്ണുപരിശോധന നടത്തി ആവശ്യമായ പോഷകഘടകങ്ങള്‍ നല്‍കിയതിനുശേഷം വിത്തിട്ടു. കുമ്മായവും ജൈവഘടകങ്ങളും പോഷകമായി നല്‍കി. മാലിന്യങ്ങള്‍ നീക്കിയ ജലാശയത്തിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം കുറവാണെന്നതും പച്ചക്കറികൃഷിക്ക് അനുയോജ്യമായി. ചുരുങ്ങിയ കാലംകൊണ്ട് പടവലം, താലോലി, വെണ്ട, വെള്ളരി, വഴുതന, തക്കാളി, പയര്‍, കക്കിരി, ചീര, പാവല്‍, മുളക്, മത്തന്‍, കുമ്പളം തുടങ്ങി എല്ലാവിധ പച്ചക്കറികളും നിരന്ന് അറവാടിത്താവയെ വീണ്ടും ഹരിതാഭമാക്കി.
പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം തന്നെ ജില്ലയിലെ പച്ചക്കറി ക്ലസ്റ്ററുകളില്‍ രണ്ടാംസ്ഥാനത്തെത്താന്‍ ഹരിതയ്ക്ക് കഴിഞ്ഞു. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുവര്‍ഷം ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള അവാര്‍ഡും ഹരിതയെ തേടിയെത്തി.
ജൈവപച്ചക്കറിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ നേരിട്ട് തോട്ടത്തിലെത്തി പച്ചക്കറി വാങ്ങുന്നതുകൊണ്ട് ഉല്‍പന്നങ്ങളുടെ വിപണനത്തിന് കാര്യമായ ബുദ്ധിമുട്ടുകളില്ല. വിവിധ സ്റ്റാളുകളിലൂടെയും വില്പന നടത്തുന്നു. ഹരിതയുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
ഈ പ്രദേശത്തെ തനത് ഉല്‍പന്നമായ ഓവല്‍ ആകൃതിയിലുള്ള പ്രത്യേക ഇനം വെള്ളരി 'ഇരിണാവ് ബ്രാന്‍ഡ്' എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. മാംസളഭാഗം കൂടുതലുള്ള ഈ ഇനം സ്വാദിലും മുന്‍പന്തിയിലാണ്. വിഷുക്കാലത്തും മറ്റും ഇതിന് ആവശ്യക്കാരേറെ. ഈ വെള്ളരിയുടെ ബ്രാന്‍ഡിന് കൂടുതല്‍ പ്രചാരവും അംഗീകാരവും നേടിയെടുക്കാനുള്ള ശ്രമങ്ങളും ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
വിളവെടുത്ത പച്ചക്കറികള്‍ സൂക്ഷിക്കാന്‍ പരമ്പരാഗത രീതിയില്‍ ഇഷ്ടികയും മണലും കൊണ്ട് നിര്‍മിച്ച കൂളറുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഏറെക്കുറെ 15 ഡിഗ്രി സെല്‍ഷ്യസാണ് ഇതിനകത്തെ താപനില. റഫ്രിജറേറ്ററിന്റെയോ വൈദ്യുതിയുടെയോ കൃത്രിമ രാസവസ്തുക്കളുടെയോ സഹായമില്ലാതെ പച്ചക്കറികള്‍ ദീര്‍ഘകാലം ഇതില്‍ കേടുവരാതെ സൂക്ഷിക്കാനാകും. ജൈവപച്ചക്കറികളായതുകൊണ്ട് അതിജീവനശേഷിയും കൂടുതലാണ്.
ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കത്തില്‍ത്തന്നെ 2 ലക്ഷം രൂപയുടെ പലിശരഹിതവായ്പയാണ് ഇരിണാവ് സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയത്. ഇത് ആദ്യവര്‍ഷത്തെ ലാഭം കൊണ്ടുതന്നെ പൂര്‍ണമായി തിരിച്ചടക്കാന്‍ ഹരിതയ്ക്കു കഴിഞ്ഞു. ഇത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ ബാങ്കിനും ഹരിതയ്ക്കുമുള്ള പച്ചക്കൊടിയുമായി. ഇതോടൊപ്പം ഒരു ഹെക്ടറിലെ കൃഷിക്ക് കൃഷിഭവനില്‍ നിന്ന് 15000 രൂപയും പഞ്ചായത്തില്‍ നിന്ന് 10000 രൂപയും അടിസ്ഥാനസൗകര്യ വികസനത്തിന് കൃഷിവകുപ്പില്‍ നിന്ന് 2 ലക്ഷം രൂപയും ലഭിച്ചു.
ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി ഇപ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് കൃത്യതാ കൃഷിയുടെ പ്രദര്‍ശനത്തോട്ടവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഹരിതകേരളം പരിപാടിയുടെ പ്രാദേശികതലത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നതും അറവാടിത്താവയില്‍ ഹരിതയുടെ ഈ വര്‍ഷത്തെ ജൈവപച്ചക്കറി കൃഷിക്ക് വിത്തിട്ടുകൊണ്ടാണ്. 9446286362
ശ്രീജിത് കൃഷ്ണന്‍
Share your comments