1. ചെറുകിട, നാമമാത്ര കർഷകർക്ക് ഈടില്ലാതെ നൽകുന്ന കാര്‍ഷിക വായ്പയുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ തുക 1.6 ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷം രൂപയാക്കിയായാണ് വര്‍ധിപ്പിച്ചത്. വര്‍ധനവ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും. പണപ്പെരുപ്പവും കൃഷിച്ചെലവ് ഉയര്‍ന്നതും ചെറുകിട കര്‍ഷകരെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പ തുക ഉയര്‍ത്തിയത്. 2019ല്‍ ഒരു ലക്ഷത്തില്‍നിന്ന് 1.6 ലക്ഷമാക്കി പുതുക്കിയ പരിധിയാണ് ഇപ്പോള്‍ രണ്ടുലക്ഷമാക്കി വീണ്ടും ഉയർത്തിയിരിക്കുന്നത്. മാര്‍ഗനിര്‍ദേശം വേഗത്തില്‍ നടപ്പാക്കാനും പുതിയ വായ്പ വ്യവസ്ഥകള്‍ സംബന്ധിച്ച് പരമാവധി പ്രചാരണം നടത്താനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ 86% ചെറുകിട, നാമമാത്ര കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
2. ചേര്‍ത്തല നിയമസഭാ നിയോജക മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കാര്‍ഷിക സംസ്‌ക്കാരിക മേളയായ കരപ്പുറം കാര്‍ഷിക കാഴ്ചകള്‍ ചേര്‍ത്തല പൊലിമ ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ വച്ച് സംഘടിപ്പിക്കുന്നു. 10 ദിവസം നീളുന്ന ചേര്‍ത്തല പൊലിമ കരപ്പുറം കാര്‍ഷിക കാഴ്ചകളില്‍ കാര്‍ഷിക പ്രദര്‍ശനം, സെമിനാറുകള്‍, ബി ടു ബി മീറ്റ്, ഡി പി ആർ ക്ലിനിക്, കലാസാംസ്‌ക്കാരിക സന്ധ്യകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. 27 ന് രാവിലെ 9 മണി മുതല്‍ ബി ടു ബി മീറ്റ് സംഘടിപ്പിക്കും. കര്‍ഷകര്‍ കാര്‍ഷിക വിപണന മേഖലയില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍ ബി ടു ബി മീറ്റ് സഹായകരമാകും. കയറ്റുമതി, മൂല്യവര്‍ദ്ധന, സംസ്‌ക്കരണം, വിപണനം തുടങ്ങിയ മേഖലകളില്‍ കര്‍ഷര്‍ക്ക് ഉള്ള സംശയങ്ങള്‍ക്ക് ബി ടു ബി മീറ്റില്‍ വിദഗ്ദര്‍ ഉത്തരം നല്‍കും. ചേര്‍ത്തലയിലെയും ആലപ്പുഴ ജില്ലയിലെയും കര്‍ഷകര്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമുള്ള കര്‍ഷകര്‍ക്കും ബി ടു ബി മീറ്റില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ ഫോം ലിങ്കിനുമായി അതത് പഞ്ചായത്തുകളിലെ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം ബുധൻ, വ്യാഴം ദിവസങ്ങളിലായി വടക്കൻ തമിഴ്നാട് - ആന്ധ്രാ തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസങ്ങളിൽ മഴ വർധിക്കുമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Share your comments