ബാങ്കുകൾ 4 % പലിശ നിരക്കിലുള്ള സ്വർപ്പണയ കൃഷിവായ്പ നിർത്തലാക്കി. ഇവ ഇനി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി)അക്കൗണ്ടുള്ളവർക്കു മാത്രം നൽകിയാൽ മതിയെന്ന .കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണിത്. കെസിസി ഇല്ലാത്തവർക്ക് ഇനി 9% പലിശ നിരക്കിൽ മാത്രമേ സ്വർണപ്പണയ വായ്പയെടുക്കാൻ കഴിയൂ.സംസ്ഥാനത്ത് 74 ലക്ഷം കൃഷിവായ്പകളാണ് ഇപ്പോഴുള്ളത്. ഇതിൽ 16.73 ലക്ഷം വായ്പകൾ മാത്രമാണ് കെസിസിക്കു കീഴിലുള്ളത്. ഫലത്തിൽ നാലിലൊന്ന് കൃഷിവായ്പാ അപേക്ഷകർക്കും ഇനി സ്വർണമുണ്ടെങ്കിൽ പോലും 4 ശതമാനം പലിശ നിരക്കിൽ കൃഷിവായ്പയെടുക്കാൻ കഴിയില്ല.
2020 ഏപ്രിൽ 1 മുതലാണു മാറ്റം പ്രാബല്യത്തിൽ വരുന്നതെങ്കിലും ഇപ്പോൾ തന്നെ നിലവിലെ ഹ്രസ്വകാല കൃഷിവായ്പകളും സ്വർണപ്പണയ കൃഷിവായ്പകളും,കെസിസി അക്കൗണ്ടുകളാക്കി മാറ്റാനാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെസിസി ഇടപാടുകാരനാകാൻ ആവശ്യമായ രേഖകളില്ലെങ്കിൽ ഇവ കെസിസി വായ്പകളാക്കി മാറ്റാൻ കഴിയില്ല. ഏപ്രിൽ 1 മുതൽ 9% പലിശയുള്ള വായ്പകളായി ഇവ മാറും.
കെസിസിയിൽ ഉൾപ്പെട്ടിട്ടില്ലാത്തവരും കൃഷിക്കാരെന്നു കരുതാവുന്നവരുമായ 11,26,000 പേർ സ്വർണപ്പണയ കൃഷിവായ്പയ്ക്ക് അർഹരല്ലാതായിരിക്കുകയാണ്. പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകാൻ കഴിയില്ലെന്ന ആശങ്കയും ബാങ്കുകൾ പ്രകടിപ്പിക്കുന്നുണ്ട്.
ഓരോ കൃഷിക്കും നിർദേശിച്ചിട്ടുള്ള ഉയർന്ന അളവിൽ ഭൂമിയുള്ളവർക്കാണു കെസിസി അക്കൗണ്ട് നൽകുന്നത്. കരമടച്ച രസീതും ഭൂമി കൈവശാവകാശ സർട്ടിഫിക്കറ്റുമാണു സമർപ്പിക്കേണ്ടേ രേഖകൾ. ശരാശരി ഒരു സെന്റിന് 2000 രൂപയാണ് കെസിസി വഴിയുള്ള വായ്പ. 1 ലക്ഷം രൂപ ലഭിക്കാൻ അരയേക്കർ ഭൂമിയെങ്കിലും വേണ്ടിവരും. വായ്പ അനുവദിച്ചു കഴിഞ്ഞാൽ തുക അക്കൗണ്ടിൽ നിക്ഷേപിക്കുകയും ക്രെഡിറ്റ് കാർഡ് കൈമാറുകയും ചെയ്യും. കൃഷിക്കാരന് ആവശ്യമുള്ളപ്പോൾ അതിൽ നിന്നു പണമെടുക്കാം. ഒരു വർഷത്തിനുള്ളിൽ പുതുക്കിയാൽ പലിശയിളവു ലഭിക്കും.
Share your comments