ആലപ്പുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഘടകങ്ങൾക്കായി അഞ്ചുകോടി നാൽപ്പത്തിരണ്ടു ലക്ഷം രൂപ ആലപ്പുഴ ജില്ലക്ക് അനുവദിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി ലക്ഷ്യമാക്കി കർഷകർക്ക് 3,00,000 പച്ചക്കറി വിത്തു കിറ്റ് വിതരണം ചെയ്യുന്നതിനോടൊപ്പം ജില്ലയിൽ 7,40,000 പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറി തൈകൾ ജില്ലയിലെ കൃഷിവകുപ്പിന്റെ നഴ്‌സറികളിലാണ് ഉല്പാദിപ്പിച്ച് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.
പച്ചക്കറി നടാൻ അനുയോജ്യമായ സ്ഥലമില്ലാത്ത നഗരപ്രദേശങ്ങളിൽ കർഷകർക്ക് പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകൾ അടങ്ങിയ 3400 യൂണിറ്റുകൾ ജില്ലയിലെ അഗ്രോസർവ്വീസ് സെന്റർ, കർമ്മസേനകൾ, ഉത്പാദിപ്പിച്ച് വിതരണം ചെയ്യും. 2000 രൂപ വിലയുള്ള ഗ്രോബാഗ് യൂണിറ്റൊന്നിന് 75ശതമാനം സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്തൃവിഹിതമായി 500 രൂപ കർഷകർ കൃഷിഭവനിൽ അടയ്ക്കണം.
വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ഹെക്ടർ വീതമുള്ള ക്ലസ്റ്ററുകൾ കൃഷിഭവൻ തലത്തിൽ രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിലെ 75 ക്ലസ്റ്ററുകൾക്ക് 75000 രൂപ വീതം ധനസഹായം നൽകും. ഈ ക്ലസ്റ്ററുകൾ രണ്ട് ഹെക്ടർ വരെ അധികം സ്ഥലത്ത് കൃഷിചെയ്യുന്നതിന് ഒരു ഹെക്ടറിന് 15000 രൂപ നിരക്കിൽ ഇവർക്ക് ധനസഹായം നൽകും. ജില്ലയിൽ 30 ഹെക്ടർ അധിക സ്ഥലത്ത് കൃഷിചെയ്യുന്നതിന് ധനസഹായം നൽകുന്നതാണ്. പച്ചക്കറി കർഷകർക്ക് പമ്പ് സെറ്റ്, സസ്യസംരക്ഷണ ഉപകരണം എന്നിവ 50 ശതമാനം സബ്‌സിഡി നിരക്കിൽ അനുവദിക്കും.തരിശ് സ്ഥലത്ത് കൃഷിയിറക്കുന്നത് ഈ സാമ്പത്തിക വർഷം 80 ഹെക്ടർ സ്ഥലത്ത് 30,000 രൂപ നിരക്കിൽ ധനസഹായം നൽകും.
മഴമറ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 100 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള മഴമറയ്ക്ക് പരമാവധി 75ശതമാനം സബ്‌സിഡി നിരക്കിൽ 50000 രൂപ വരെ ധനസഹായം നൽകും. ഈ സാമ്പത്തിക വർഷം 100 മഴമറ യൂണീറ്റുകൾക്ക് സഹായധനം നൽകും.
നൂതന കൃഷിരീതിയായ കൃത്യത കൃഷിയിൽ കണിക ജലസേചനം, ഫെർട്ടിഗേഷൻ ഉൾപ്പെടെ ചെയ്യുന്നതിന് 50 സെന്റിന്റെ യൂണിറ്റിന് 30000 രൂപ എന്ന നിരക്കിൽ സബ്‌സിഡി നൽകും. കൂടാതെ ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറിയും കുറഞ്ഞ സ്ഥലത്ത് ഉത്പാദിപ്പിക്കുന്നതിന് കർഷകർക്ക് കിച്ചൺ പോളി ഹൗസ് നിർമ്മിക്കുന്നതിന് ധനസഹായം നൽകുന്നതാണ്.കുറഞ്ഞ സ്ഥലത്ത് കണിക ജലസേചനം നടത്തുന്നതിനായി ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിന് ഒരു യൂണീറ്റിന് 7500 രൂപ നിരക്കിൽ സബ്‌സിഡി അനുവദിക്കും.വീടുകളിൽ കംബോസ്റ്റ് നിർമ്മിക്കുന്നതിന് ഒരു യൂണിറ്റിന് 50ശതമാനം സബ്‌സിഡി തുകയായി 2000 രൂപ അനുവദിക്കും. കർഷകർക്ക് ഗ്രോബാഗ് നനയ്ക്കുന്നതിന്റെ സൗകര്യാർത്ഥം മിനി ഡ്രിപ്പ് ഇറിഗേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് 50ശതമാനം സബ്‌സിഡി നിരക്കിൽ 2500 രൂപ അനുവദിക്കും. അതതു പഞ്ചായത്തുകളിൽ തന്നെ പച്ചക്കറി തൈകൾ ഉത്പാദിപ്പിക്കുന്നതിനായി ചെറിയ പച്ചക്കറി നഴ്‌സറികൾ സ്ഥാപിക്കുന്നതിന് ഏഴു ലക്ഷം രൂപ ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. ഒരു സ്‌ക്വയർ മീറ്ററിന് 1400 രൂപ സബ്‌സിഡി നൽകുന്നതാണ്.
ജില്ലയിൽ 130 സ്‌കൂളുകളിൽ 10 സെന്റ് കുറയാത്ത സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് 4000 രൂപ നിരക്കിൽ സബ്‌സിഡി നൽകുന്നുണ്ട്. സ്‌കൂളുകളിൽ ജലസേചനം നടത്തുന്നതിന് പമ്പ് സെറ്റ് സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതാണ്. പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഗത്തി, മുരിങ്ങ, കറിവേപ്പ് , പപ്പായ തുടങ്ങിയവയുടെ തൈകളടങ്ങിയ 100 രൂപ വിലവരുന്ന 4000 കിറ്റുകൾ 50ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യും.
പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 25,000 രൂപ സബ്‌സിഡിയും കൂടാതെ ദീർഘകാല പച്ചക്കറി ഇനങ്ങളുടെ കൃഷി ചെയ്യുന്നതിന് ഒരു ഹെക്ടറിന് 20,000 രൂപ സബ്‌സിഡി നൽകും.
അഗ്രോ സർവ്വീസ് സെന്ററിന് നഴ്‌സറി നിർമ്മിക്കുന്നതിന് ഒരു ലക്ഷം രൂപ സഹായധനം അനുവദിക്കും. ട്രെക്കോഡെർമ്മ, വാമ് എന്നി ജീവാണുവള നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് യൂണിറ്റിന് 20,000 രൂപയുടെ സഹായധനം നൽകുന്നതാണ്. കൂടാതെ ക്ലസ്റ്ററുകൾക്ക് മൂല്യ വർധിതയൂണീറ്റുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി ഒരു ക്ലസ്റ്ററിന് 1.5 ലക്ഷം രുപയുടെ ധനസഹായം നൽകുന്നുണ്ട്.
അധിക ഉത്പാദന സമയങ്ങളിൽ ഒരാഴ്ചവരെ പച്ചക്കറികൾ സൂക്ഷിക്കുന്നതിന് 100 ഊർജ്ജരഹിതശീതീകരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് യൂണീറ്റൊന്നിന് 15000 രൂപ സബ്‌സിഡിയായി നൽകുന്നു. പച്ചക്കറിയിൽ സമഗ്രവികസനം കൈവരിക്കുന്നതിനാണ് ഈ ജില്ലയിൽ ഈ പറഞ്ഞ ഘടകങ്ങൾ നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾ ആകുവാൻ താത്പര്യമുള്ള എല്ലാ കർഷകരും അതത് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ് അറിയിച്ചു.
(പി.എൻ.എ. 1530/2018)
Share your comments