
1. കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തില്‍ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജകമണ്ഡലം, ബ്ലോക്ക് അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ജനപ്രതികളുടെയും സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ (വി.എഫ്.പി സി) നേതൃത്വത്തില്‍ കാക്കനാട് നിര്‍മാണം പൂര്‍ത്തിയായ തളിര്‍ അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പ്രതിവര്‍ഷം 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന ടിഷ്യൂകള്‍ച്ചര്‍ ലാബിന്റെയും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിര്‍മിച്ച മൈത്രി ട്രെയിനിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു.
2. ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഏപ്രിൽ 24,25 തീയതികളിൽ ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ 2 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇടി ചക്ക, പച്ച ചക്ക, പഴുത്ത ചക്ക, ചക്കക്കുരു എന്നിവയിൽ നിന്നുള്ള വിപണന സാധ്യതയുള്ള ഉത്പന്നങ്ങൾ ആണ് പരിശീലിപ്പിക്കുന്നത്. താല്പര്യമുള്ളവർ മുൻകൂട്ടി വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0479-2449268, 0479-2959268, 9447790268 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ചവരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
Share your comments