News
തേന്‍ കര്‍ഷകരെ സഹായിക്കാന്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്

തേന്‍ ശേഖരണത്തിന്റെ നേട്ടം ഇടനിലക്കാര്‍ തട്ടിയെടുക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തേന്‍ കര്‍ഷകര്‍ ഇടനിലക്കാരെ ഒഴിവാക്കി ജില്ലകള്‍ തോറുമുള്ള ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ തേന്‍ എത്തിച്ചാല്‍ കിലോഗ്രാമിന് 120 രൂപ ലഭിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. സംസ്ഥാനത്ത് തേന്‍ സംഭരിക്കുന്ന ഏക സര്‍ക്കാര്‍ സംവിധാനമാണിത്.
പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നും കഴിഞ്ഞ വര്‍ഷത്തെ തേന്‍ സംഭരണത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തേന്‍ സംഭരണത്തിലെ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് 70 രൂപ വരെ മാത്രം ലഭിച്ചതായാണ് ബോര്‍ഡിനു ലഭിച്ച വിവരം. ഖാദിയിലേക്ക് തേന്‍ വില്ക്കാന് അസൗകര്യമുള്ള കര്‍ഷകരെ ചൂഷണം ചെയ്താണ് ഇടനിലക്കാര്‍ പണം കൊയ്യുന്നത്. ജില്ലാ ഓഫീസുകള്‍ വഴി തേന്‍ സംഭരിക്കുന്ന വിവരം പോലും പല തേന്‍ കര്‍ഷകര്‍ക്കും അറിയില്ലെന്നതും ഈ തട്ടിപ്പിനു ആക്കം കൂട്ടുന്നു.
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിനു പുറമെ സഹകരണമേഖലയില്‍ ബീ കീപ്പിംഗ് ഫെഡറേഷന് തിരുവനന്തപുരത്ത് തേന്‍ സംഭരിക്കുന്നുണ്ട്. ഖാദി ബോര്‍ഡ് ശേഖരിക്കുന്ന തേന്‍ സംസ്കരിക്കുന്നത് ബാലുശ്ശേരി അറപ്പീടികയിലെ സംസ്കരണകേന്ദ്രത്തിലാണ്.എട്ടുവര്‍ഷം മുന്‍പ് വ്യവസായവകുപ്പ് സ്ഥാപിച്ച ഈ തേന്‍ സംസ്കരണകേന്ദ്രത്തില്‍ പ്രതിവര്‍ഷം നാല്‍പ്പതിനായിരം കിലോഗ്രാം തേന്‍ സംസ്കരിക്കാന്‍ സൗകര്യമുണ്ട്.
സംഭരിക്കുന്ന തേനിന്റെ നല്ലൊരു പങ്കും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്കാണ് ഖാദി ബോര്‍ഡ് വില്‍ക്കുന്നത്. ബാക്കി തേന്‍ ബോര്‍ഡിന്റെ ഔട്ട്ലെറ്റുകള് വഴി വില്‍പ്പന നടത്തും.
Share your comments