News

നന്മണ്ടയിലെ മുന്തിരിവിശേഷങ്ങള്‍

കേരത്തില്‍ മുന്തിരി വളരില്ലായെന്നു വിശ്വസിക്കുന്നവര്‍പോലും അത്ഭുപ്പെടും കഴിഞ്ഞ പത്തു വര്‍ഷമായി വീടിന്റെ ടെറസ്സിലും കാര്‍പോര്‍ച്ചിനരികിലും മുന്തിരി കൃഷി നടത്തി ശ്രദ്ധേയനാകുന്ന കോഴിക്കോട് നന്മണ്ട സ്വദേശി കരിക്കീരിക്കണ്ടി അഹമ്മദ്ദ് കോയയുടെ കഥയറിഞ്ഞാല്‍. മുന്തിരി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും അസ്ഥാനത്താക്കും പ്രവാസി കൂടിയായ അഹമ്മദ് കോയയുടെ വീട്ടിലെത്തിയാല്‍. നാട്ടില്‍ അധികമാരും കൈവയ്ക്കാത്ത മുന്തിരി വള്ളികള്‍ പടര്‍ന്ന് വിളഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തുന്നു. പ്രത്യേകിച്ച് റമദാന്‍ വ്രതക്കാലത്ത് വീട്ടിലെത്തുന്ന അതിഥികള്‍ക്ക് പ്രധാന വിഭവമായി നല്‍കുന്നത് താന്‍ നട്ടുവളര്‍ത്തിയ ഒന്നാന്തരം മുന്തിരിപ്പഴങ്ങളാണ്.

അഞ്ചു വര്‍ഷം മുമ്പ് റോഡരികില്‍ നിന്നും മുന്തിരി തൈ വാങ്ങിയാണ് കൃഷിക്ക് തുടക്കമിട്ടത്. രാസവളം തെല്ലുമില്ലാതെ വേപ്പിന്‍ പിണ്ണാക്ക് മാത്രം ഉപയോഗിച്ച് തൈകള്‍ വളര്‍ത്തി. അടുത്ത വര്‍ഷം മുന്തിരി കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. മുന്തിരി കൂടാതെ സപ്പോട്ടയും മുസംബിയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ വീടിന്റെ മതില്‍ പൂര്‍ണമായും ഹരിത വേലികള്‍ കൊണ്ട് സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്. നന്മണ്ട ടൗണിന്റെ ഹൃദയഭാഗത്ത് താമസമായതിനാല്‍ മലിനീകരണത്തില്‍ നിന്ന് രക്ഷ കിട്ടാനും ശുദ്ധവായു ശ്വസിക്കാനുമാണ് ഹരിത വേലിയെന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. കുറ്റിമുല്ല, നന്ത്യാര്‍വട്ടം, ഗോള്‍ഡന്‍, ഗ്രീന്‍ എന്നിവയെല്ലാം പരക്കെ നട്ടുപിടിപ്പിച്ചിരിക്കുന്നു.

ജൈവകൃഷിയില്‍ കഴിഞ്ഞ 25 വര്‍ഷമായി വിജയഗാഥ തീര്‍ക്കുകയാണ് സിവില്‍ എഞ്ചിനീയറായ കോഴിക്കോട് നന്മണ്ട സ്വദേശി മൊടത്ത്യേലത്ത് അജിത്ത് കുമാര്‍ (58). രണ്ടര പതിറ്റാണ്ടു മുമ്പ് വൈറ്റ് കോളര്‍ ജോലിക്ക് കാത്തുനില്‍ക്കാതെയാണ് ഇദ്ദേഹം കാര്‍ഷിക രംഗത്ത് ചുവടുറപ്പിച്ചത്. ഇവിടെ അദ്ദേഹത്തിന്റെ പ്ലാനും എസ്റ്റിമേറ്റും ഫലം കാണുകയായിരുന്നു. ഇപ്പോള്‍ കാഞ്ഞാവയലില്‍ മാത്രം രണ്ടര ഏക്കറില്‍ ഇദ്ദേഹം കൃഷി ചെയ്യുന്നു. ഇദ്ദേഹത്തിന്റെ വിഷ രഹിതമായ പച്ചക്കറിക്ക് നൂറുമേനി വിളവാണ് ലഭിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴു മണിവരെ ഇദ്ദേഹം കൃഷിയിടത്തിലാണ്. കൃഷിസ്ഥലത്തുനിന്നുതന്നെ പച്ചക്കറി വാങ്ങാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആളുകളെത്തുന്നു. ജൈവകൃഷിയില്‍ നന്മണ്ടക്കാരുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഇദ്ദേഹം. കുടുംബശ്രീക്കാരും മറ്റു സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളും ഈ സിവില്‍ എഞ്ചിനീയറില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വിഷ രഹിത പച്ചക്കറി കൃഷിയിലേക്കുള്ള തയാറെയുപ്പിലാണ്.

രണ്ടര ഏക്കര്‍ വയലില്‍ കയ്പ, പടവലം, മത്തന്‍, എളവന്‍, തണ്ണി മത്തന്‍, പച്ചമുളക്, വഴുതിന, ചീര, പയര്‍, വെണ്ട, കണി വെള്ളരി എന്നിവയാണ് ഇദ്ദേഹം പ്രധാനമായും കൃഷി ചെയ്യുന്നത്. പ്രോട്രേയില്‍ ചകിരി കമ്പോസ്റ്റ് നിറച്ച് അതിലാണ് വിത്തുകള്‍ മുളപ്പിക്കുന്നത്. തുടര്‍ന്ന് കോഴിവളമടക്കമുള്ള ജൈവ വളങ്ങള്‍ ഉപയോഗിച്ച് പാകപ്പെടുത്തിയ മണ്ണിലേക്ക് രണ്ടില - മൂന്നില പ്രായത്തില്‍ ഇവ പറിച്ചു നടും. രണ്ടാഴ്ചയ്ക്ക് ശേഷം സൂഷ്മ മൂലകങ്ങള്‍ക്ക് വേണ്ടിയുള്ള മിശ്രിതം തളിക്കും. ഒരു കിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതിലേക്ക് പത്ത് ചെറുപഴം ജ്യൂസാക്കി ചേര്‍ക്കും. ഒരു ദിവസത്തിനു ശേഷം ഒരു ലിറ്ററിന് പത്തിരട്ടി വെള്ളം ചേര്‍ത്ത് രൂപപ്പെടുത്തിയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത്. 15 ദിവസം കൂടുമ്പോള്‍ ഈ മിശ്രിതം തളിക്കുമെന്ന് ഇദ്ദേഹം പറയുന്നു.

വിളവിന് പൂവിടുന്ന പ്രായത്തില്‍ മത്തി കഷായം (ഫിഷ് അമിനോ ആസിഡ് ) തളിക്കും. കറുത്ത ശര്‍ക്കരയും മത്തിയും തുല്യ അനുപാതത്തില്‍ ഒരു പാത്രത്തിലിട്ട് വായു കടക്കാതെ 20 ദിവസം കെട്ടിവച്ചാണ് മത്തി കഷായം ഉണ്ടാക്കുന്നത്. ഇത് രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കും. പ്രതിരോധശേഷിയ്ക്കും കായ്കള്‍ നല്ല രീതിയില്‍ വളരുന്നതിനുമാണ് മത്തി കഷായം തളിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
കൃഷിഭവന്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡിയില്‍ വിവേചനമുണ്ട്. പാടത്ത് കൃഷിക്കുള്ള ചിലവിനേക്കാള്‍ പന്തല്‍ കെട്ടിയുള്ള കൃഷിക്കാണ് ഭാരിച്ച ചിലവ് വരുന്നത്. കൃഷിഭവനാകട്ടെ ഒരേ നിരക്കാണ് രണ്ട് കൃഷിരീതിക്കും നല്‍കുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജും ക്ഷേമനിധിയും ഏര്‍പ്പെടുത്തണമെന്നും ഇദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കൃഷിജാഗരണ്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററാണ് .

കെ.ആര്‍. ജുബീഷ്


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox