1. ചരിത്ര പ്രസിദ്ധവും പെരിയാറിന്റെ തീരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിൻ്റെ തനത് ഉൽപന്നവുമായ ആലങ്ങാടൻ ശർക്കര വീണ്ടും വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങുന്നു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സഹകരണ ബാങ്കാണ് 43 വർഷങ്ങൾക്ക് ശേഷം ആലങ്ങാടൻ ശർക്കര വീണ്ടും ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. ആലങ്ങാട്ടുതന്നെ കൃഷിചെയ്ത കരിമ്പുകൊണ്ട് തയ്യാറാക്കുന്ന ശർക്കരയുടെ നിർമാണ വിതരണ യൂണിറ്റ് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഒരു ദിവസം ആയിരം കിലോയിലേറെ ശർക്കര ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള വിപുലമായ പ്ലാന്റാണ് 42 സെന്റ് സ്ഥലത്ത് നിർമിച്ചിരിക്കുന്നത്. കൃഷിവകുപ്പ്, സഹകരണ വകുപ്പ്, കേരള ബാങ്ക്, കാർഷിക സർവകലാശാല, നബാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
2. മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം യാഥാർഥ്യമാകുന്നു. 9446 700 800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ ഇനി പൊതുജനങ്ങൾക്ക് അറിയിക്കാം. കൂടാതെ, പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ പൊതുജനങ്ങൾക്ക് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാവുന്നതാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻറെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷൻ ആണ് പദ്ധതി ആവിഷ്കരിച്ചത്. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 % തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകുന്നതിനും, അത് വഴി ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനുമാണ്, സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സൗകര്യം പൊതുജനങ്ങൾക്കായി ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
3. ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥനത്ത് വീണ്ടും മഴ കനക്കുന്നു. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഒരാഴ്ചയും മഴ തുടരുമെന്നാണ് പ്രവചനം. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും നിലവിൽ ജാഗ്രത നിർദേശങ്ങളില്ല. അടുത്ത ഒരാഴ്ചത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയും കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Share your comments