1. ആലപ്പുഴ: ജില്ലയിൽ പ്രതിദിന പാൽ ഉൽപാദനത്തിൽ 7806 ലിറ്ററിന്റെ വർധന. 2020-21ൽ 1,02,985 ലിറ്റർ അളന്നത് 2021-22ൽ 1,10,791 ലിറ്ററായി. കൂടുതൽ പാൽ ഉൽപാദിപ്പിച്ചത് ഭരണിക്കാവ് ബ്ലോക്കിലാണ്. ഇവിടെ 2000 ലിറ്ററിന്റെ വർധനയുണ്ട്.ചേർത്തല, മുതുകുളം, മാവേലിക്കര, ആര്യാട് ബ്ലോക്കുകളിലും പാലുൽപാദനത്തിൽ വർധനയുണ്ടായി. 12 ക്ഷീരവികസന ബ്ലോക്കുകളാണ് ജില്ലയിലുള്ളത്. കോവിഡും പ്രളയവും അതിജീവിച്ചതും കൂടുതൽ പേരെ ക്ഷീരകർഷക മേഖലയിലേക്ക് ആകർഷിച്ചതും ഉൽപാദന വർധനവിന് കാരണമായി.
സർക്കാറും ക്ഷീരവികസനവകുപ്പും നടപ്പാക്കിയ പദ്ധതികളാണ് ജില്ലയിൽ പാൽ ഉൽപാദനം കൂടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. എം.എസ്.ഡി.പി, തീറ്റപ്പുൽകൃഷി വികസനം, ക്ഷീരസാന്ത്വന ഇൻഷുറൻസ്, ക്ഷീരകർഷക ക്ഷേമനിധി സഹായം തുടങ്ങിയ പദ്ധതികൾ സമഗ്രമായി നടപ്പാക്കി. വിവിധ പദ്ധതികളിലൂടെ സബ്സിഡി നൽകിയും ക്ഷീരകർഷകരെ പ്രോത്സാഹിപ്പിച്ചു. (കടപ്പാട്: ദേശാഭിമാനി)
2. കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. രാജൻ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയർമാൻ.വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ മാറ്റാൻ നേരത്തെ തന്നെ സമ്മർദമുണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ബി. അശോകുമായി സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തേക്ക് വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി.പി.എമ്മിന്റെ ശക്തമായ സമ്മർദത്തെത്തുടർന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന.(കടപ്പാട്: മാതൃഭൂമി)
3. കൃഷി ജാഗരൺ പദ്ധതിയായ ഫാർമർ ദി ജേർണലിസ്റ്റിന്റെ ഭാഗമായി കർഷക മാധ്യമ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കർഷകർക്ക് മാധ്യമ പ്രവർത്തനത്തിലേക്ക് ചുവടു വയ്ക്കാനുള്ള അവസരത്തിന് നേതൃത്വം നൽകുകയാണ് ഫാർമർ ദി ജേർണലിസ്റ്റിന്റെ ലക്ഷ്യം. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.
4. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സർക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാ പഞ്ചായത്ത്, പിറവം മുനിസിപ്പാലിറ്റി, കൊല്ലം കോർപറേഷൻ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനതലത്തിൽ ഒന്നാമത് എത്തിയത്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പുരസ്കാരം സമ്മാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജും ഗതാഗതമന്ത്രി ആന്റണി രാജുവും ചടങ്ങിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിന് പകരം അരി നൽകും, ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കും: മന്ത്രി ജി.ആർ അനിൽ
5. ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിൽ കേരളവും. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ കോവിഡ് പ്രതിസന്ധികൾ കാരണം തകർന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിൻ്റെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ചുമതലയേറ്റ ശേഷം നടത്തിയത്. ബയോ ബബിൾ സംവിധാനം, ഇൻ കാർ ഡൈനിംഗ്, കാരവൻ ടൂറിസം എന്നിങ്ങനെ നൂതനമായ ആശങ്ങൾ നടപ്പിലാക്കിയും പ്രത്യേകമായി പ്രചരണം നൽകിയും കേരളത്തിൻ്റെ ടൂറിസം മേഖല പതിയെ വളർച്ച കൈവരിച്ചു തുടങ്ങി.
2022ലെ ആദ്യ പാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് റിപ്പോർട്ട് ചെയ്തത് കേരള ടൂറിസത്തിന് വലിയ ഉണർവ്വായി. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം കൂടി കേരളത്തെ തേടി എത്തിയിരിക്കുകയാണ്. 2022 ൽ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെ കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിൻ്റെ ആകർഷണമാണെന്നും ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവൻ ടൂറിസവും വാഗമണ്ണിലെ കാരവൻ പാർക്കും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ടൈം മാഗസിൻ്റെ ഈ റിപ്പോർട്ട് കേരള വിനോദ സഞ്ചാര വകുപ്പിന് ലഭിച്ച അംഗീകാരമാണ്. ലോകത്തിലെ തന്നെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടത് വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവ്വേകും.
6. ആലപ്പുഴയിൽ കോഴിയും കൂടും വിതരണം ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായി മുഹമ്മ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. മുഖേന നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു നിര്‍വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ സ്മിത ബൈജു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി എട്ടു പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് സൗജന്യമായി മുട്ടക്കോഴികളെ നല്‍കിയത്. ഒരു ഗുണഭോക്താവിന് 25 കോഴികളെ വീതമാണ് നല്‍കിയത്. 1,44,000 രൂപ പദ്ധതിക്കായി ആകെ ചെലവഴിച്ചു.
7. കൊല്ലം: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 10 ദിവസത്തിനിടെ നശിച്ചത് 158.41 ഹെക്ടർ കൃഷി. ഒരു കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. വിവിധ ബ്ലോക്കുകളിലായി 654 കർഷകർക്കാണ് വലിയ തോതിൽ കൃഷിനാശം സംഭവിച്ചത്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിലെ കണക്കാണിത്. ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിയിലാണ്.101.27 ഹെക്ടർ. വെള്ളം കെട്ടി നിന്ന് കാറ്റിൽ ഒടിഞ്ഞുവീണുമാണ് നാശം സംഭവിച്ചത്. 18,007 വാഴയാണ് നശിച്ചത്. ഇതിൽ 13932 വാഴ കുലച്ചതും 4075 എണ്ണം കുലയ്‌ക്കാത്തതുമാണ്. 613 കർഷകർക്കാണ് നഷ്ടം നേരിട്ടത്. 99.89ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു ഹെക്ടറിലെ പച്ചക്കറിക്കൃഷിയും നശിച്ചു.
25 ഹെക്ടർ കുരുമുളക് കൃഷിയും 20 ഹെക്ടർ അടയ്‌ക്ക കൃഷിയും 10 ഹെക്ടർ തെങ്ങ് കൃഷിയും നശിച്ചു. അഞ്ചൽ, പുനലൂർ, ശാസ്‌താംകോട്ട, വെട്ടിക്കവല ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. അഞ്ചൽ ബ്ലോക്കിൽ 110 ഹെക്‌ടറിൽ 23.77 ലക്ഷം, ചടയമംഗലത്ത് 0.34 ഹെക്‌ടറിൽ 1.41 ലക്ഷം, ചാത്തന്നൂരിൽ 0.84 ഹെക്‌ടറിൽ 2.85 ലക്ഷം, ചവറയിൽ 38.90 ഹെക്‌ടറിൽ 1.25 ലക്ഷം, കൊട്ടാരക്കരയിൽ 2.48 ഹെക്‌ടറിൽ 30.70 ലക്ഷം, കൊട്ടാരക്കരയിൽ 29.49 ഹെക്‌ടറിൽ 91.28 ലക്ഷം, കുണ്ടറയിൽ 0.08 ഹെക്‌ടറിൽ ഒരു ലക്ഷം, പുനലൂരിൽ 4.66 ഹെക്‌ടറിൽ 28.87 ലക്ഷം, ശാസ്‌താംകോട്ടയിൽ 0.11 ഹെക്‌ടറിൽ 1.37 ലക്ഷം, വെട്ടിക്കവലയിൽ 0.82 ഹെക്ടറിൽ 10.53 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. (കടപ്പാട്: ദേശാഭിമാനി)
8. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്.
മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്‌സിനേയും നമുക്ക് പ്രതിരോധിക്കാനാകും.
9. കര്‍ഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ കോഴിക്കോട് നടക്കും. പരിപാടിയുടെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ പരിപാടിയും സൗജന്യ അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും നാളെ രാവിലെ 9 മണിക്ക് നന്മണ്ട എ.യു.പി. സ്‌കൂളില്‍ വച്ച് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
10. ഇരുപതാമത് അഗ്രി ഇൻഡക്സ് 2022ന് കോയമ്പത്തൂരിൽ തുടക്കം. രാജ്യത്തെ പ്രൈം അഗ്രികൾച്ചറൽ ട്രേഡ് ഫെയർ ഈ മാസം 15 മുതൽ 18 വരെ കൊഡീഷിയ ട്രേഡ് ഫെയർ കോപ്ലക്സിലാണ് നടക്കുന്നത്. കൃഷിയുടെ നൂതന സാങ്കേതിക വിദ്യകൾ, ഹോർട്ടികൾച്ചർ, ഡയറി ഫാമിംഗ്, ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യകൾ എന്നിവ മികച്ച രീതിയിലുള്ള പ്രദർശനമാണ് ഇവിടെ നടക്കുന്നത്. കാർഷിക ക്ഷേമ വകുപ്പ് മന്ത്രി എംആർകെ പനീർസെൽവം പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ കൃഷി ജാഗരണും പങ്കാളികളായി.
11. കാർഷിക മേഖലയെ ഉത്തേജിപ്പിച്ച് ഉൽപാദനം വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ത്രിവത്സര പദ്ധതിക്ക് അബുദാബിയിൽ തുടക്കം കുറിച്ചു. കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പദ്ധതി ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബുദാബിയുടെ ജിഡിപിയിലും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും പ്രധാന സംഭാവന നൽകുന്ന മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് പദ്ധതി ഊന്നൽ നൽകും. ഭക്ഷണ ലഭ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാനും നേതൃത്വത്തെ ശക്തിപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ സഈദ് അൽ ബഹ്‌രി അൽ അമീരി പറഞ്ഞു. കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത 9 ഭക്ഷ്യോൽപന്നങ്ങളിൽ 84% ശതമാനം സ്വയംപര്യാപ്തത നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നവീന മാതൃകയിൽ കൃഷിയും ഉൽപാദനവും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. (കടപ്പാട്: മനോരമ)
12. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മലയോര മേഖലയിൽ ചിലയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചേന്ദമംഗല്ലൂർ പുൽപറമ്പിൽ ചില വീടുകളിൽ വെള്ളം കയറി. മാവൂർ പഞ്ചായത്തിലും മൂന്ന് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി.
Share your comments