ഓരോ കൃഷിഭവനു കീഴിലുമുള്ള എല്ലാ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുപ്പിക്കാനും കൃഷിവിളകളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍അറിയിച്ചു . ദക്ഷിണമേഖലയിലെ ഏഴുജില്ലകളിലെ കൃഷി അസിസ്റ്റന്റുമാരുടെ സംസ്ഥാനതല ശില്‍പശാല 'അഗ്രിവിഷന്‍ 2020' പദ്ധതി അവലോകനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ സേവന കേന്ദ്രങ്ങളാകണം. വകുപ്പിലെ പദ്ധതികള്‍ കൃഷിക്കാരെയും ജനപ്രതിനിധികളെയും അറിയിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡുകളില്‍ 'കര്‍ഷകസഭ'കള്‍ നടത്തുന്നത്.
ഓരോ കൃഷിഭവന്റെ കീഴിലുമുള്ള എത്രവീതം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണക്കെടുക്കണം. ഇല്ലാത്ത കര്‍ഷകരെ കാര്‍ഡ് എടുപ്പിക്കാന്‍ പ്രദേശത്തെ ബാങ്കുകളുമായി സഹകരിച്ച് നടപടികൈക്കൊള്ളണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 1.60 ലക്ഷം വരെ വായ്പ ഈടില്ലാതെ നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്. ഈ പരിധി 3.20 ലക്ഷമായി ഉയര്‍ത്താന്‍ കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതല്ലാതെ കാര്‍ഷിക സ്വര്‍ണ പണയ വായ്പ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. യഥാര്‍ഥ കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതത് കൃഷിഭവനുകീഴിലെ എല്ലാ കര്‍ഷകരുടെ കൃഷിയും വിള ഇന്‍ഷുറന്‍സ് പരിധി കൊണ്ടുവരാനും ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണം. 26 വിളകള്‍ക്ക് പരിരക്ഷ നല്‍കുന്ന രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ ഇന്‍ഷുറന്‍സാണ് കേരളത്തിലുള്ളത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡും വിള ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ത്തന്നെ കര്‍ഷകരുടെ പരമാവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്ത കൃഷിഭവനുകളില്‍ ഉടന്‍ ഇത് പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കണം. അപാകതകള്‍ പരിശോധിക്കാന്‍ അപേക്ഷ സ്വീകരിച്ച പലയിടത്തും ഇനിയും പരിഹാരമുണ്ടാക്കാനുണ്ട്. നേരിട്ട് പ്രാദേശികമായ അന്വേഷണങ്ങളിലൂടെയും പ്രാദേശിക സമിതികളിലൂടെയും വിലയിരുത്തി ഉറപ്പാക്കാനാവാത്തവയ്ക്ക് മാത്രം ഉപഗ്രഹചിത്രങ്ങളെ ആശ്രയിക്കാം. ഒരുമാസത്തിനകം ഇക്കാര്യത്തില്‍ തീര്‍പ്പാക്കണം. നീട്ടിവെക്കേണ്ട പരാതികളുണ്ടെങ്കില്‍ അതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരുടെ അനുമതി വാങ്ങണം.
കൃഷി ഓഫീസുകള്‍ക്ക് മുന്നില്‍ പദ്ധതികളും ആനുകൂല്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുണ്ടാകും. പ്രാദേശികമായി കേബിള്‍ ചാനലുകള്‍ വഴിയും മറ്റും പ്രദേശങ്ങളിലെ കൃഷിക്കാരില്‍ പദ്ധതികളുടെ വിവരങ്ങള്‍ എത്തിക്കാവുന്നതേയുള്ളൂ. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്ക് വിത്തുനല്‍കല്‍ മാത്രമല്ല, വീട്ടമ്മമാര്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും മറ്റും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ കൃഷി ഓഫീസുകളിലെ ജീവനക്കാര്‍ തയാറാകണം. കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ വരുന്ന കടങ്ങളും വിവരങ്ങള്‍ കൃഷിക്കാരെ അറിയിക്കണം. കര്‍ഷകരുടെ കടങ്ങള്‍ സംബന്ധിച്ച മൊറട്ടോറിയം അവസാനിച്ചെങ്കിലും ഡിസംബര്‍ 31 വരെ ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. അടുത്ത വര്‍ഷത്തേക്കുള്ള കാര്‍ഷിക ഉത്പാദന പ്ലാന്‍ എല്ലാ കൃഷി ഭവനുകള്‍ക്കും ഉണ്ടാകണം.
കൃഷിക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കാനും അവരുടെ പരാതികള്‍ ക്ഷമയോടെ കേള്‍ക്കാനും പറ്റാവുന്ന പരിഹരിക്കാനും കൃഷിഭവനുകളിലെ ജീവനക്കാര്‍ക്കാകണം. കഴിയാവുന്നിടത്തോളം അവരുടെ കൃഷിയിടങ്ങളിലെത്തുകയും മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുകയും വേണം. ഗ്രാമചന്തകള്‍ എല്ലാ സജീവമാക്കാന്‍ മുന്‍കൈയെടുക്കണം. കര്‍ഷകദിനാഘോഷം കൂടുതല്‍ ജനപങ്കാളിത്തതോടെ നടപ്പാക്കണം. വകുപ്പില്‍ അഴിമതി ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥരെ മന്ത്രി ഓര്‍മിപ്പിച്ചു.
Share your comments