കേന്ദ്ര കൃഷിമന്ത്രാലയം കിസാൻ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള എല്ലാ ആനുകൂല്യവും ആധാർനമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിൽ മാത്രമായി പരിമിതപ്പെടുത്തി.കാർഷിക വായ്പകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പലിശയിളവുൾപ്പടെ എല്ലാ ആനുകൂല്യങ്ങളും ആധാറുമായി ബന്ധിപ്പിച്ച കെ.സി.സി. അക്കൗണ്ടുവഴി മാത്രമാകും ലഭിക്കുക. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ചിലർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും മറ്റുചിലർക്ക് ആവർത്തിച്ച് ആനുകൂല്യം ലഭിക്കുന്നതും തടയാനാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിർദേശം. കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന കർഷകരിൽനിന്ന് ആധാർനമ്പർ ശേഖരിക്കണമെന്ന് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്. 2019 ഒക്ടോബർ ഒന്നുമുതൽ സ്വർണപ്പണയ കാർഷികവായ്പകൾക്കുള്ള പലിശയിളവ് കേന്ദ്രം നിർത്തിവെച്ചിരുന്നു. ഇതിൽ നബാർഡ് മാറ്റംവരുത്തി. 2020 മാർച്ചുവരെ പലിശയിളവ് നൽകാനാണ് നബാർഡിന്റെ തീരുമാനം. ഉപാധിയോടെയാണ് ഇളവ്..2020 ഏപ്രിൽ ഒന്നിനുമുമ്പായി കെ.സി.സി. എടുക്കുന്ന കർഷകരുടെ വായ്പകൾക്കുമാത്രമാണ് ഇളവുണ്ടാവുക. നിലവിൽ സ്വർണപ്പണയ കാർഷിക വായ്പയെടുത്തവർ ഏപ്രിൽ ഒന്നിനകം കെ.സി.സി. എടുത്താൽ നാലുശതമാനം പലിശയിളവ് ലഭിക്കും. കെ.സി.സി. എടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ സാക്ഷ്യപ്പെടുത്തി നൽകിയാൽ നബാർഡ് പണം അനുവദിക്കും
കേരളത്തിൽ അഞ്ചുലക്ഷം കിസാൻക്രെഡിറ്റ് കാർഡുകൾ ഫെബ്രുവരി 24-നകം നൽകാനാണ് കേന്ദ്രനിർദേശം. പാവപ്പെട്ട കർഷകർക്ക് വർഷം 6000 രൂപ നൽകുന്ന പി.എം. കിസാൻ പദ്ധതിയിൽ അംഗങ്ങളായവർക്കെല്ലാം കെ.സി.സി. നൽകണം
.കേരളത്തിൽ 29 ലക്ഷത്തോളം കർഷകരാണ് പി.എം. കിസാൻ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. 17 ലക്ഷം കർഷകർക്കാണ് കിസാൻക്രെഡിറ്റ് കാർഡുള്ളത്. പുതുതായി അഞ്ചുലക്ഷം പേർക്കുകൂടി നൽകണമെന്നാണ് ഇപ്പോഴത്തെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ 4000 കെ.സി.സി.യെങ്കിലും നൽകാനുള്ള നടപടികൾ സംസ്ഥാനത്ത് തുടങ്ങി. സംസ്ഥാനത്തെ എല്ലാ പി.എം. കിസാൻ അംഗങ്ങൾക്കും കെ.സി.സി. ലഭിക്കാനിടയില്ല. ഭൂമിയുടെ അളവുമാത്രം പരിഗണിച്ചാണ് ഈ പദ്ധതിയിൽ അംഗമായത്. കെ.സി.സി. നൽകുന്നത് വിള അടിസ്ഥാനമാക്കിയാണ്. അതിനാൽ, കെ.സി.സി. ലഭിച്ചിട്ടില്ലാത്ത പി.എം. കിസാൻ ഗുണഭോക്താക്കളുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്നും ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്.
* എല്ലാ പി.എം. കിസാൻ ഗുണഭോക്താക്കളും ബാങ്കുകളെ സമീപിച്ച് കെ.സി.സി. നേടണം. നിലവിൽ കെ.സി.സി. ഉള്ളവർക്ക് വായ്പപരിധി ഉയർത്തുന്നതിനും ബാങ്കുകളിൽ അപേക്ഷ നൽകാം.
* ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത കെ.സി.സി. അക്കൗണ്ടുകൾ പുതുക്കുന്നതിനും കർഷകർ ബാങ്കുകളുമായി ബന്ധപ്പെടണം.
* ഭൂമിയുടെ രേഖകൾ, വിളകളുടെ വിശദാംശങ്ങൾ എന്നിവയാണ് കെ.സി.സി.ക്കായി നൽകേണ്ടത്. * മത്സ്യക്കൃഷിയും മൃഗസംരക്ഷണവും കെ.സി.സി.യുടെ പരിധിയിൽ പുതുതായി ഉൾപ്പെടുത്തിയതിനാൽ ഇതുകൂടി പരിഗണിച്ചാവണം ബാങ്കുകൾ വായ്പപരിധി നിശ്ചയിക്കേണ്ടത്.
Share your comments