മുഴുവന്‍ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി കാട്ടാക്കട. കേരളപ്പിറവി ദിനത്തില്‍ മന്ത്രി വി എസ് സുനില്‍കുമാറാണ് മണ്ഡലത്തിന് കീഴിലെ എല്ലാ സ്‌കൂളുകളെയും ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കാന്‍ ഏവരും ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൃഷിയെന്നത് പുതുതലമുറയ്ക്ക് ആവേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ഐ ബി സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയങ്ങള്‍ ഹരിതാഭമാകുന്നത്.
മണ്ഡലത്തിനുകീഴിലെ സ്‌കൂളൂകള്‍ പ്ലാസ്റ്റിക് സാന്നിധ്യമില്ലാത്ത, ജൈവപച്ചക്കറി സാധ്യമാകുന്ന, വൃത്തി കാത്തുസൂക്ഷിക്കുന്നവയായി മാറ്റാന്‍ ഒപ്പം നിന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും എംഎല്‍എ അഭിനന്ദിച്ചു.ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നീ ആശയങ്ങളിലധിഷ്ഠിതമായാണ് ഹരിതവിദ്യാലയങ്ങളെന്ന പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഹരിതകേരളം മിഷന്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ഹരിതവിദ്യാലയങ്ങളെ വാര്‍ത്തെടുക്കുന്നത്.
57 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളാണ് കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലുള്ളത്. ഹരിതവിദ്യാലയങ്ങളാക്കാനായി സ്‌കൂളുകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനായി റിംഗ് കംപോസ്റ്റും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ബക്കറ്റ് കംപോസ്റ്റും മണ്ഡലത്തിലെ 57 സ്‌കൂളുകളിലും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും മലിനജല പുന:ചംക്രമണത്തിനുള്ള സോക്കു പിറ്റ് നിര്‍മ്മാണവും നടന്നു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോക്കു പിറ്റുകളുടെ നിര്‍മാണം. ഇവ കൂടാതെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ മണ്‍ചട്ടികളില്‍ പച്ചക്കറി കൃഷിയും നടന്നു വരുന്നു
പേയാട് സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ നടന്ന ഹരിതവിദ്യാലയ പ്രഖ്യാപന ചടങ്ങില്‍ ഐ ബി സതീഷ് എംഎല്‍എ അധ്യക്ഷനായി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍ ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, മണ്ഡലത്തിലെ ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Share your comments