ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇത് വരെ ലഭിച്ചത്. ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷൻ ഫീ ഇനത്തിൽ 7.71 കോടി രൂപയും, ഫൈൻ വഴി 78.59 ലക്ഷം രൂപയും, അഡ്ജ്യൂഡിക്കേഷൻ മൂലമുള്ള ഫൈൻ വഴി 51.51 ലക്ഷം രൂപയും, കോടതി മുഖേനയുള്ള ഫൈൻ വഴി 3.28 ലക്ഷം രൂപയും, സാമ്പിൾ അനലൈസിസ് ഫീസായി 58.09 ലക്ഷം രൂപയുമാണ് ലഭ്യമായത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കേവലം അഞ്ച് മാസം കൊണ്ട് നികുതിയിതര വരുമാനത്തിൽ ഇരട്ടിയിലധികം തുകയാണ് അധികമായി ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതാണ് ഇതിന് കാരണമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി വലിയ പ്രവർത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഷവർമ്മ നിർമ്മാണത്തിന് മാർഗനിർദേശം പുറത്തിറക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. സംസ്ഥാനത്ത് സഞ്ചരിക്കുന്ന പുതിയ 6 ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സജ്ജമാക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
നല്ല ഭക്ഷണം നാടിൻ്റെ അവകാശം എന്ന കാമ്പയിനിംഗ് സംസ്ഥാനത്തെ ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്ന പദ്ധതിയാണ്. ഇതിൻ്റെ ഭാഗമായി ഓപ്പറേഷൻ മത്സ്യ എന്ന പദ്ധതിയിലൂടെ 3686 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. കൂടാതെ വൃത്തിയില്ലാത്ത ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ജാഗറി എന്ന പദ്ധതിയിലൂടെ വ്യാജ മറയൂർ ശർക്കര പിടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പഴകിയ ചിക്കൻ, ഷവർമ്മ എന്നിങ്ങനെയുള്ള കടകളിൽ പരിശോദന നടത്തി കർശന നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഉൽപ്പാദനക്ഷമതയും വിപണിയും ശക്തിപ്പെടുത്തണം: മന്ത്രി പി. രാജീവ്
Share your comments