News

തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എംഎം മണി

ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ല്‍ ജില്ലയ്ക്ക് ആശ്വാസമായെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്നും വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ രീതികളെ കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റിന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ ജി.എസ് മധു എന്നിവര്‍ ക്ലാസ്സുകളെടുത്തു.

യോഗത്തിന്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യ പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് എസ്.ടി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുഭിക്ഷ കേരളം പദ്ധതി

സംസ്ഥാന തലത്തില്‍ ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, സഹകരണം എന്നീ മേഖലകളിലായി സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കൃഷി - 1449 കോടി രൂപ, മൃഗസംരക്ഷണം - 118 കോടി, ക്ഷീരവികസനം - 215 കോടി, മത്സ്യബന്ധനം - 2078 കോടി. ജില്ലയില്‍ 937 ഹെക്ടര്‍ കൃഷിയോഗ്യമായ തരിശുഭൂമി കണ്ടെത്തിയിട്ടുണ്ട്. നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പഴ വര്‍ഗ്ഗങ്ങല്‍ ചെറുധാന്യങ്ങള്‍ എന്നിവയ്ക്ക് ഉപയുക്തമാണീഭൂമി. 30,000 മുതല്‍ 40,000 രൂപ വരെ ഹെക്ടറൊന്നിന് സബ്‌സിഡിയുണ്ട്. 3,54,86,500 രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇടവിള കൃഷിയും ഒപ്പം പ്രോത്സാഹിപ്പിക്കും. ഒരു ബ്ലോക്ക് പഞ്ചായത്തില്‍ കുറഞ്ഞത് 200 ഹെക്ടര്‍ കൃഷി ഇറക്കാനാണ് ലക്ഷ്യം. 10,000 ഫല വര്‍ഗ്ഗ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകളും, വിത്തുകളും, ഗ്രോബാഗുകളും വിതരണം ചെയ്യും. കൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവ സംയോജിതമായി നടപ്പാക്കുന്നതിന് പ്രോത്സാഹനം നല്‍കും. നബാര്‍ഡ് കുറഞ്ഞ വായ്പയില്‍ കാര്‍ഷിക വായ്പ നല്‍കും. പഞ്ചായത്ത് ചന്തകള്‍, ഓണ്‍ലൈന്‍ വിപണനം, ഇക്കോഷോപ്പ്, വീക്കിലി മാര്‍ക്കറ്റ് എന്നിവ വിപുലീകരിക്കും.

സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മ

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, സഹകരണം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കും. തരിശുനിലങ്ങളില്‍ പൂര്‍ണ്ണമായി കൃഷിയിറക്കുക, ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


English Summary: All uncultivated land will have agriculture : says Minister M.M.Mani

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine