ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്കയില്‍ വിലക്ക് ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെയാണ്.പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്.കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഷന്‍ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്. അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ് കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് വൻ ആഘാതമേൽപ്പിക്കും.കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും ഇത് വിപരീതമായി ബാധിക്കും.
കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് മീൻപിടുത്ത ബോട്ടുകൾ പ്രവർത്തിക്കുന്നത്. .തമിഴ്‌നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. .ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക.
കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Share your comments