1. ആന്ധ്ര ജയ അരിയ്ക്ക് കേരളത്തിൽ വില കൂടുമെന്ന് സൂചന. കേരളത്തിന്റെ ആവശ്യപ്രകാരമാണ് ആന്ധ്രയിൽ വ്യാപകമായി അരി ഉൽപാദനം ആരംഭിച്ചത്. ഏപ്രിൽ മാസത്തോടെ വിതരണം തുടങ്ങാൻ സാധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. എന്നാൽ അധിക വിലവധവ് ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഇനമാണ് ആന്ധ്ര ജയ അരി. ആവശ്യത്തിന് മഴ ലഭിച്ചതുകൊണ്ട് ഇത്തവണ ആന്ധ്രയിൽ മികച്ച വിളവ് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ വാർത്തകൾ: റേഷൻകടകൾ വഴി ഇനിമുതൽ സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം
2. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദർശന മേളയായ 'മെഷിനറി എക്സ്പോ 2023'ന് തുടക്കം. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായാണ് മേള നടക്കുക. വ്യവസായമന്ത്രി പി രാജീവ് മേള ഉദ്ഘാടനം ചെയ്തു. ഓരോ സംരഭകർക്കും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തും നിന്നായി 200ഓളം യന്ത്ര നിർമാതാക്കളാണ് മേളയിൽ പങ്കെടുക്കുന്നത്.
3. എറണാകുളം ജില്ലയിലെ ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും air quality monitoring ഡിവൈസിന് സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംവിധാനം സ്ഥാപിക്കുന്നത്.
4. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇരട്ടയാർ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ശിലാഫലക അനാശ്ചാദനവും മന്ത്രി നിർവഹിച്ചു.
5. തൃശൂർ ജില്ലയിലെ ധനുകുളം, കോന്തിപുലം പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്നു. ഇതുമൂലം കൊയ്ത്തിന് പാകമായ 200 ഏക്കറോളം നെല്ല് നശിക്കുകയാണ്. തണ്ടിനുള്ളിൽ കയറുന്ന പുഴുക്കൾ കതിരുകളിലെ നീര് വലിച്ചെടുത്ത് നെല്ലിനെ പൂർണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ദിവസങ്ങൾക്കുള്ളിലാണ് പുഴുവിന്റെ ആക്രമണം പാടശേഖരത്തെ മുഴുവനായും ബാധിച്ചത്.
6. പിണ്ടിമന ഗ്രാമപഞ്ചായത്തിൽ ഷമാം കൃഷിക്ക് തുടക്കമായി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഒരേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു വിത്ത് നടീൽ ഉത്ഘാടനം ചെയ്തു. വെള്ളരി ഇനത്തിൽപ്പെട്ട ഈ ഫലം തയ്ക്കുമ്പളം എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ധാതുക്കൾ, ജീവകം , പൊട്ടാസ്യം, ഭക്ഷ്യനാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഷമാമിൽ അടങ്ങിയിരിക്കുന്ന ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തി കൂട്ടാനും ഉത്തമമാണ്.
7. റബ്ബര്‍തൈകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. റബ്ബര്‍ബോര്‍ഡ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ എന്‍.ഇ മിത്ര പദ്ധതിയില്‍ ഉള്‍പെടുന്ന തോട്ടങ്ങള്‍ക്കും, പരമ്പരാഗതമേഖലയിലെ തോട്ടങ്ങള്‍ക്കുമാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. മരമൊന്നിന് രണ്ടു രൂപയാണ് പ്രതിവര്‍ഷ പ്രീമിയം. 1 മുതല്‍ ഏഴു വര്‍ഷം വരെ പ്രായമായ തൈകള്‍ക്ക്, തൈ ഒന്നിന് പരമാവധി 300 വരെ രൂപയും, ടാപ്പുചെയ്യാൻ പാകമായ ഒരു മരത്തിന് പരമാവധി 1000 വരെ രൂപയും നഷ്ടപരിഹാരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി (04812576622) ബന്ധപ്പെടാം.
8. കേരളത്തിൽ നാളികേര ഉൽപാദനം കുറയുന്നു. കാലാവസ്ഥ വ്യതിയാനവും നാളികേര പ്രോത്സാഹന പദ്ധതിയിലെ പ്രതിസന്ധിയുമാണ് ഉൽപാദനം കുറയാനുള്ള പ്രധാന കാരണങ്ങൾ. ഇതോടെ വരവുതേങ്ങ കൂടുതലായി വിപണിയിൽ എത്താൻ തുടങ്ങി. കടകളിൽ വിൽക്കുന്നതിന്റെ 80 ശതമാനം നാളികേരവും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. വില വർധിച്ചാലും പ്രയോജനം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
9. കാർഷിക-വ്യാപാരമേഖലക്ക് പുത്തനുണർവ് നൽകാൻ ബെഹ്റൈനിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഗാർഡൻ ഷോ സമാപിക്കുന്നു. ജലത്തിന്റെ ഉപയോഗവും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. 176 സ്റ്റാളുകളാണ് മേളയിൽ അണിനിരന്നത്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കാർഷിക മേഖലയ്ക്ക് കരുത്ത് പകരുകയാണ് മേളയുടെ പ്രധാന ലക്ഷ്യം.
10. കേരളത്തിൽ കനത്ത ചൂട് തുടരുന്നു. വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെ എല്ലായിടത്തും പകൽ ചൂട് ഉയരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പടുത്തിയത് കോട്ടയത്താണ്. 38 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ അനുഭവപ്പെട്ടത്. അതേസമയം, താപസൂചിക മാപ്പ് പ്രകാരം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും 40 മുതൽ 45 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. അതേസമയം തെക്കൻ-മധ്യ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments