1. വൈവിധ്യമാർന്ന കൃഷിരീതികൾ അവലംബിക്കുവാൻ താൽപര്യമുള്ളവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കുന്നതിനായുള്ള നവോ-ധൻ പദ്ധതിയിലേക്ക് താത്പര്യപത്രം ക്ഷണിച്ചു. കേരളത്തിൽ കാർഷികയോഗ്യമായ എന്നാൽ വിവിധ കാരണങ്ങളാൽ തരിശ് കിടക്കുന്ന സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവോ-ധൻ പദ്ധതിയിലേക്ക് താല്പര്യമുള്ള കർഷകർ, ഭൂവുടമകൾ എന്നിവരിൽ നിന്നുമാണ് കൃഷിവകുപ്പ് താത്പര്യപത്രം ക്ഷണിച്ചത്. (New Agriculture Wealth Opportunities – Driving Horticulture and Agribusiness Networking – NAWO-DHAN) എന്നതാണ് നവോ-ധൻ എന്നതിന്റെ പൂർണരൂപം. കൃഷിക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ള പൊതു മേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അസ്സോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് കൃഷി ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ച് 750 രൂപ രജിസ്ട്രേഷൻ ഫീസും അടച്ച് ഓൺലൈനായി ഭൂമിയുടെ ലഭ്യത ഉറപ്പാക്കാനാകും. നവോ-ത്ഥാൻ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾക്കായി http://nawodhan.kabco.co.in/eoi-registration എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തി/സ്ഥാപനം, ഭൂമി കൈവശമുള്ള വ്യക്തി/സ്ഥാപനം എന്നിവർക്ക് താത്പര്യപത്രം സമർപ്പിക്കാവുന്നതാണ്.
2. തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബർ 16, 17 തീയതികളിൽ ആട് വളർത്തൽ എന്ന വിഷയത്തിലും ഒക്ടോബര്‍ 23, 24 തീയതികളില്‍ പശുവളര്‍ത്തല്‍ എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രവർത്തി ദിവസങ്ങളിൽ 0471 2732918 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്തും കണ്ണൂരും ഓറഞ്ച് അലർട്ടും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Share your comments