
1. സബ്സിഡി നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന 'ഗോസമൃദ്ധി ഇൻഷുറൻസ്' പദ്ധതിയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ക്ഷീരകർഷകർക്കായി കറവ പശുക്കൾക്ക് സബ്സിഡി നിരക്കിൽ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയാണ് 'ഗോസമൃദ്ധി ഇൻഷുറൻസ്' പദ്ധതി. 65,000 രൂപ വിലയുള്ള ഉരുക്കൾക്ക് ഒരു വർഷ പ്രീമിയമായ 2,912 രൂപയിൽ ജനറൽ വിഭാഗം കർഷകർ 1,356 രൂപയും എസ്.സി, എസ്.ടി വിഭാഗം കർഷകർ 774 രൂപയും 3 വർഷ ഇൻഷുറൻസ് പരിരക്ഷയ്ക്ക് 7,136 രൂപ പ്രീമിയത്തിൽ ജനറൽ വിഭാഗം കർഷകർ 3,318 രൂപയും എസ് സി, എസ് ടി വിഭാഗം കർഷകർ 1,890 രൂപയും അടക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് സ്ഥലത്തെ വെറ്ററിനറി സ്ഥാപനങ്ങളുമായി നേരിട്ടോ അല്ലെങ്കിൽ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
2. വളം-കീടനാശിനി വ്യാപാരികള്‍ക്കും താല്‍പര്യമുള്ളവര്‍ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന അഗ്രികള്‍ച്ചര്‍ എക്സ്‌റ്റെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് ഡിപ്ലോമ (ദേശി) കോഴ്സിന്റെ 2024-25 വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 14,000 രൂപ സബ്‌സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് അടച്ചും പരിശീലനത്തില്‍ പങ്കെടുക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ ഓഫീസുമായോ അല്ലെങ്കിൽ 0477-2962961 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ശനിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Share your comments