1. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂണ്‍ ഗ്രാമം പദ്ധതിയുമായി കൃഷി വകുപ്പ്. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 30.25 കോടി രൂപയാണ് ചെലവ്. ജൂൺ 28 ന് കൊല്ലം ജില്ലയിലെ അഞ്ചൽ, ഏരൂർ ഓയിൽ പാം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചിരുന്നു. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉത്പാദക യൂണിറ്റുകൾക്കു പുറമേ സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങൾ, വിപണനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുകിട, വൻകിട കൂൺ ഉത്പാദന യൂണിറ്റ്, വിത്തുത്പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനവും കമ്പോസ്റ്റ്, പായ്ക്ക് ഹൗസ്, കൂൺ സംസ്കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്‌സിഡിയും ലഭ്യമാകുന്നതാണ്. 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിക്ക് കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായോ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഫോൺ: 0471 2330856, 2330857 നമ്പറുകളിലോ ബന്ധപ്പെടുക.
2. ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ “IARI ഇന്നൊവേറ്റീവ് ഫാർമർ”, “IARI ഫെല്ലോ ഫാർമർ” എന്നീ അവാർഡുകൾക്ക് അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 2025 മാർച്ചു മാസത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന പൂസ കൃഷി വിജ്ഞാൻ മേളയിൽ ജേതാക്കളെ പ്രഖ്യാപിക്കുകയും അവാർഡ് കൈമാറുകയും ചെയ്യും. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ അവസാന തീയതിയായ 2025 ജനുവരി 10-നകം സ്‌ക്രീനിൽ തന്നിരിക്കുന്ന ഡോ.ആർ.എൻ. പദാരിയ, ജോയിന്റ് ഡയറക്ടർ (എക്സ്റ്റൻഷൻ), ICAR- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; ന്യൂഡൽഹി – 110012 എന്ന മേൽവിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനുമായി www.iari.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 011-25842387 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ സാധ്യതയായ ഗ്രീൻ അലേർട്ടാണ് നിലനിൽക്കുന്നത്. മിതമായതോ നേരിയതോ ആയ മഴ സാധ്യതയെ ആണ് ഗ്രീൻ അലർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്. നാളെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
Share your comments