
1. മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍ നടുന്നവര്‍ക്ക് 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. പദ്ധതി കാലാവധി പൂര്‍ത്തിയായ ശേഷം സ്ഥല ഉടമയ്ക്ക് സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ മുറിച്ചെടുക്കാനുള്ള അനുവാദവും ഉണ്ടാകും. സംസ്ഥാനത്തെ വൃക്ഷാവരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 15 വര്‍ഷത്തെ പാട്ടത്തിന് ഭൂമി കൈവശമുള്ളവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. ചന്ദനം, തേക്ക്, റോസ് വുഡ്, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പില്‍, കരിമരുത്, വെണ്‍തേക്ക്, വീട്ടി എന്നിവയാണ് പദ്ധതി പ്രകാരം നടേണ്ടത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ പ്രാദേശിക പരിധിയിലുള്ള സാമൂഹിക വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
റെയ്ഞ്ച് ഓഫീസര്‍, രേഖകളും ഭൂമിയും പരിശോധിച്ച് നടാന്‍ സാധിക്കുന്ന വൃക്ഷത്തൈകളുടെ എണ്ണം തീരുമാനിക്കും. കുറഞ്ഞത് 10 തൈകളെങ്കിലും നടാനാകണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടണം. തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന സഹായധനം മൂന്നാം വര്‍ഷം മുതലാണ് നല്‍കുക. പരിപാലിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ ഇത് ലഭിക്കും. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നഴ്സറികളില്‍നിന്ന് എല്ലാ വര്‍ഷവും ജൂണ്‍ - ജൂലൈ മാസങ്ങളില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും.15 വര്‍ഷത്തിനുശേഷം ഉടമകള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വില്‍പന നടത്തുകയോ ചെയ്യാമെന്ന് ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പറഞ്ഞു.
2. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, പടുതാ കുളത്തിലെ ആസാംവാള, കൈതക്കോര കൃഷി (അനബാസ്), കരിമീന്‍ കൂട് കൃഷി, വളപ്പ് മത്സ്യകൃഷി, പൊതുജലാശയത്തിലെ എംബാങ്ക്‌മെന്റ്, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ മത്സ്യ വിത്തുല്പാദന യൂണിറ്റ്, പിന്നാമ്പുറ കുളങ്ങളിലെ വരാല്‍ മത്സ്യ വിത്തുല്പാദന യൂണിറ്റ് തുടങ്ങിയ പദ്ധതികളിലേക്കാണ് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ളവർ ഒക്‌ടോബര്‍ 10 -ാം തീയതിക്കകം മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474 2792850 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. 40 കിലോ മീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിൻെറ അറിയിപ്പുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും കർണാടക തീരത്ത് നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments