
1. കേരള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം വഴി സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ഹോർട്ടികൾച്ചർ മേഖലയിൽ നവീന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നു. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ രൂപീകരിച്ചിട്ടുള്ള കർഷക ഉത്പാദന സംഘങ്ങൾ, ജില്ലകളിൽ വിവിധ ഏജൻസികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതും മുൻകാലങ്ങളിൽ സാമ്പത്തികസഹായം ലഭിക്കാത്തതുമായ കർഷക ഉൽപാദക കമ്പനികൾ എന്നിവയ്ക്ക് അപേക്ഷിക്കാം. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ, പ്ലാന്റേഷൻ വിളകൾ, കിഴങ്ങുവർഗങ്ങൾ, കൂൺ മുതലായ മേഖലകളിൽനിന്നുള്ള വിളവെടുപ്പാനന്തര സേവനങ്ങൾക്കും മൂല്യവർധിത ഉത്പന്ന നിർമാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങൾ, പാക്ക് ഹൗസുകൾ, സംസ്കരണ യൂണിറ്റുകൾക്കാവശ്യമായ യന്ത്രസാമഗ്രികൾ, മറ്റ് ഭൗതികസൗകര്യങ്ങൾ എന്നിവയ്ക്ക് പ്രോജക്ട് അധിഷ്ഠിത സഹായമായാണ് ആനുകൂല്യം നൽകുന്നത്. മാനദണ്ഡങ്ങൾക്ക് വിധേയമായി മൊത്തം പദ്ധതി ചെലവിൻ്റെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷകൾ മാർച്ച് 31ന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9383471983 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
2. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ് 2025 ലെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. അപേക്ഷകളും അനുബന്ധ രേഖകളും മാർച്ച് 31ന് മുമ്പായി വെബ് പോർട്ടലിലൂടെ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://schemes.envt.kerala.gov.in/award/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
3. സംസ്ഥാനത്ത് ഇന്നും എല്ലാ ജില്ലകളിലും നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വേനൽ മഴ തുടരുമെങ്കിലും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. വിവിധ ജില്ലകളിൽ പകൽ താപനില സാധരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
Share your comments