ആന്ധ്രയിലെ അരക്കുവാലി കാപ്പിക്ക് അന്തര്‍ദേശീയ അംഗീകാരം. പാരിസില്‍ നടന്ന പ്രിക്സ് എപിക്ചേര്‍സ് എന്ന പരിപാടിയിലാണ് ആന്ധ്രയിലെ അരക്കുവാലി കാപ്പി ലോകത്തിലെ മികച്ച കാപ്പിക്കുരുവായി തെരഞ്ഞെടുത്തിരിക്കുന്നത്. ആന്ധ്രയിലെ ആദിവാസി കര്‍ഷകര്‍ വിളയിച്ച് വില്‍ക്കുന്ന കാപ്പിയാണ് അരക്കുവാലി കാപ്പി.
കഴിഞ്ഞ ഒരു വര്‍ഷം കൊളംബോയിലെയും സുമാത്രയിലെയും പ്രശസ്തമായ കാപ്പികുരുക്കളോട് മത്സരിച്ചാണ് അരക്കുവാലി കാപ്പിക്ക് ഈ അംഗീകാരം ലഭിച്ചത്. പാരിസില്‍ അരക്കുവാലി കാപ്പിക്ക് മാത്രമായി ഒരു കഫേയും, ഗ്രോസറി സ്റ്റോറുകളില്‍ പ്രത്യേക സ്റ്റാളുകളും ലഭിച്ചു.
ആന്ധ്രയിലെ ആദിവാസി യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് അരക്കുവാലി കാപ്പി. നാന്ദി ഫൗണ്ടേഷന്‍ ആണ് അരക്കുവാലി ബ്രാന്‍ഡിനെ ലോകോത്തര ശ്രദ്ധ നേടി കൊടുക്കാനുള്ള സംരഭം ഏറ്റെടുത്തത്. നാന്ദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ആനന്ദ് മഹീന്ദ്രയാണ് വാര്‍ത്ത ട്വിറ്റിലൂടെ അറിയിച്ചത്.
ഭക്ഷണവിദഗ്ധരുടെ നാട്ടില്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ആദിവാസി കര്‍ഷകര്‍ വിളയിച്ച കാപ്പിക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭക്ഷ്യവിപണി പ്രൈമറി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ സമയമായെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
Share your comments