വെള്ളച്ചാട്ടത്തിനും കാനനഭംഗിക്കും പേരു കേട്ട അതിരപ്പിള്ളി ബ്രാൻഡിംഗിലൂടെ പെരുമയേറ്റുന്നു. ചാലക്കുടിപ്പുഴയോരത്തെ ഗോത്ര സമൂഹത്തിൽ നിന്നുള്ള തനത് കാർഷിക ഉൽപ്പന്നങ്ങളാണ് പ്രത്യേക ബ്രാൻഡിംഗിലൂടെ ആഭ്യന്തര, വിദേശ വിപണികൾ ലക്ഷ്യമിടുന്നത്. ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ ഭാഗമായാണ് ബ്രാൻഡ് അതിരപ്പിള്ളി ഒരുങ്ങുന്നത്. ബ്രാൻഡ് അവതരണം അടുത്ത മാസം നടക്കും.
ട്രൈബൽ വാലി പദ്ധതി പരമ്പരാഗത കൃഷിക്ക് ഊന്നൽ നൽകി
അതിരപ്പിള്ളിയിലെ ആദിവാസി ഗോത്ര സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി കൃഷിവകുപ്പാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി നടപ്പാക്കുന്നത്. തനത് ഗോത്ര കൃഷിരീതിയിലുള്ള ഉൽപ്പന്നങ്ങൾ അതിരപ്പിള്ളി ബ്രാൻഡിൽ വിപണിയിലെത്തും
ഗോത്ര സമൂഹത്തിന്റെ ജീവിതരീതി തൊട്ടറിഞ്ഞ് അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഭദ്രത ഉറപ്പാക്കുന്നതിനായി ഇന്ത്യയില്‍ നടപ്പിലാക്കുന്ന ആദ്യത്തെ പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി പദ്ധതി. 10.01 കോടി രൂപ ചിലവില്‍ 2020 ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
മറ്റ് ഏജൻസികൾ
കൃഷി വകുപ്പിന് പുറമെ റീ ബില്‍ഡ് കേരള, യു എന്‍ ഡി പി, പട്ടികവര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി അന്താരാഷ്ട്ര തലത്തിലുള്ള റെയിന്‍ ഫോറസ്റ്റ് അലയന്‍സ് സര്‍ട്ടിഫിക്കേഷന്റെ അംഗീകാരം നേടുന്നതിനുള്ള പഠനങ്ങളും നടക്കുന്നു. പാരിസ്ഥിതികമായ സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന കൃഷിരീതിക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാമൂഹിക സന്തുലനാവസ്ഥയും ഇതിലൂടെ ഉറപ്പാക്കുന്നു.
ആദിവാസികൾക്ക് കൈത്താങ്ങ്
മണ്ണിന്റെ മണമറിഞ്ഞ കൃഷിയും കാര്‍ഷിക തൊഴിലുകളുമായി ജീവിതം കൊണ്ട് പോകുന്ന ആദിവാസി ഗോത്ര സമൂഹത്തിന്റെ ഇതുവരെയുള്ള പരാധീനതകള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതി. ജൈവ കൃഷി പ്രോത്സാഹിപ്പിച്ച് മികച്ച കാര്‍ഷിക സംസ്‌ക്കാരത്തിന്റെ വക്താക്കളാക്കി ഗോത്ര സമൂഹത്തെ മാറ്റുന്നു. കൂടാതെ അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില കിട്ടുന്നതിനുള്ള വിപണി സാധ്യത തുറന്നുകൊടുക്കുന്നു.
സ്ത്രീകള്‍ക്കും തൊഴില്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികൾ ഇതിന്റെ ഭാഗം
ക്ലസ്റ്ററുകൾ
കൃഷിക്ക് പ്രാമുഖ്യം നല്‍കുന്നതിനായി കോളനികള്‍ തോറും ക്ലസ്റ്ററുകള്‍ രൂപീകരിച്ചു. വെട്ടിവിട്ടക്കാട്, അരേക്കാപ്പ്, അടിച്ചില്‍ത്തൊട്ടി, ഷോളയാര്‍, ആനക്കയം വാച്ചുമരം, തവളക്കുഴിപ്പാറ, മുക്കുംപ്പുഴ, പെരുമ്പാറ, പെരിങ്ങള്‍ക്കുത്ത്, പൊകലപ്പാറ, വാഴച്ചാല്‍, പിള്ളപ്പാറ, പണ്ടാരംപ്പാറ എന്നീ 14 കോളനികളിലെ മുഴുവന്‍ കുടുംബങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് 14
ക്ലസ്റ്ററുകള്‍. 25 മുതല്‍ 30 പേരടങ്ങുന്ന അംഗങ്ങളാണ് ഓരോ ക്ലസ്റ്ററിലുമുള്ളത്. ഓരോ ക്ലസ്റ്ററിനും ഓരോ ലീഡ് റിസോഴ്‌സ് പേഴ്‌സണെ (എല്‍ ആര്‍ പി) തിരഞ്ഞെടുത്ത് ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നു. ഗോത്ര വിഭാഗത്തില്‍ നിന്ന് തന്നെ കണ്ടെത്തുന്ന ഗ്രൂപ്പ് നേതാക്കളാണ് ലീഡ് റിസോഴ്‌സ് പേഴ്‌സണായി പ്രവർത്തിക്കുന്നത്.
ഗോത്ര ഭാഷയിലുള്ള ആശയ വിനിമയ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് റിസോഴ്‌സ് പേഴ്‌സനെ അവർക്കിടയിൽ നിന്ന് തന്നെ കണ്ടെത്തിയിട്ടുള്ളത്. പദ്ധതിയുടെ ശരിയായ നടത്തിപ്പിനായി കൃഷി വകുപ്പിന്റെയും ഗോത്ര കര്‍ഷകരുടെയും ഇടയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ ശരിയായ രീതിയില്‍ ശേഖരിച്ച് അവിടെ നിന്നും സംഭരണ കേന്ദ്രങ്ങള്‍ വരെ ഗുണനിലവാരം ഉറപ്പ് വരുത്തി എങ്ങനെ എത്തിക്കാം എന്നതാണ് പ്രാധാനമായും ക്ലസ്റ്ററുകളിലൂടെ ഓരോ അംഗങ്ങള്‍ക്കും നല്‍കുന്ന പരിശീലനം.
വനിതകള്‍ക്കായി കാര്‍ഷിക നഴ്‌സറി
പുരുഷന്മാര്‍ ജോലിക്ക് പോയി കിട്ടുന്ന വരുമാനം മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഇതുവരെയുള്ള ജീവിതത്തിനും ട്രൈബല്‍ വാലി പദ്ധതിയിലൂടെ മാറ്റമുണ്ടാകുന്നു. സ്ത്രീകള്‍ക്കും ജോലി ലഭ്യമാകുന്ന രീതിയിലാണ് കാര്‍ഷിക പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
ഇതിന്റെ ഭാഗമായി വനിതാ കാര്‍ഷിക നഴ്‌സറികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി പരമ്പരാഗത വിത്തിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അവയെ നിലനിര്‍ത്തുന്നതിനും പ്രാമുഖ്യം നല്കും.
ഏറ്റവും കൂടുതല്‍ ക്യഷിയുള്ള നാല് ആദിവാസി ഊരുകളില്‍ വനിതകള്‍ക്ക് വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക നഴ്‌സറി ആരംഭിക്കുന്നതിനായുള്ള വനിതാസംഘങ്ങള്‍ രൂപീകരിച്ചു. തവളക്കുഴിപ്പാറ, അടിച്ചില്‍ത്തൊട്ടി, പെരുമ്പാറ, അരേക്കാപ്പ് എന്നി നാല് ഊരുകളില്‍ കാര്‍ഷിക നഴ്‌സറി നിര്‍മ്മാണം ആരംഭിച്ചു. തനത് നടീല്‍ വസ്തുക്കളെടുത്ത് വിത്ത് ഉത്പാദിപ്പിക്കുകയും അവ കൃഷിചെയ്ത് ഉത്പാദനം നടത്തുകയും ചെയ്യുന്നു.
യുവാക്കൾക്കായി തൊഴിൽ സേന
ആദിവാസി ഊരുകളിലെ യുവാക്കള്‍ക്ക് സ്ഥിരവരുമാനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതല്‍ കൃഷിയുള്ള തവളക്കുഴി, വെറ്റിലപ്പാറ, അടിച്ചില്‍ത്തൊട്ടി, പെരുമ്പാറ, അരേക്കാപ്പ്, വെട്ടിവിട്ടക്കാട് എന്നീ അഞ്ചു ഊരുകളില്‍ കാര്‍ഷിക തൊഴില്‍ സേന രൂപീകരിച്ചു. 27 കാട് വെട്ടിയന്ത്രം,15 തെങ്ങ് കയറ്റു യന്ത്രം, 21 നാപ്പ് സാക്ക് സ്‌പ്രേയര്‍,19 റോക്കാര്‍ സ്‌പേയര്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.
യുവാക്കള്‍ക്ക് തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ചെറുകിട കാര്‍ഷിക ഉപകരണങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്.
വിള വ്യാപന പരിപാടികള്‍
കുരുമുളക്, കാപ്പി, കൊക്കോ, ജാതി, കശുമാവ്, കവുങ്ങ്, മഞ്ഞക്കൂവ, ഏലം എന്നീ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ചു. 400 ഗ്രാഫ്റ്റ് ചെയ്ത ജാതി തൈകളും 500 ബഡ് ചെയ്ത കശുമാവിന്‍ തൈകളുടേയും വിതരണം ചെയ്തു. മണ്ണിലെ ജലാംശം വര്‍ധിപ്പിക്കുന്നതിനായി 800 കിലോ പച്ചില വള പയര്‍ വിത്ത് വിതരണം നടത്തി. അടിച്ചില്‍ത്തൊട്ടി അരേക്കാപ്പ് എന്നീ ഊരുകളില്‍ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഇതിന്റെ ഭാഗമായി കുളങ്ങളുടെ നിര്‍മ്മാണം നടക്കും.
അതിരപ്പിള്ളി ബ്രാന്‍ഡ്
പദ്ധതി മേഖലയിലെ മുഴുവന്‍ കര്‍ഷകരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അതിരപ്പിള്ളി ട്രൈബല്‍ വാലി ഫാര്‍മേഴസ് പ്രൊഡ്യൂസര്‍ കമ്പനിയാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും വനവിഭവങ്ങളും സാംസ്‌ക്കരിച്ച് മൂല്യ വര്‍ദ്ധനം നടത്തി പാക്ക് ചെയ്ത് വിപണിയിലെത്തിക്കുക. ഇതിനുള്ള സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം വെറ്റിലപ്പാറയില്‍ പുരോഗമിക്കുന്നു. മലക്കപ്പാറ, വാച്ച് മരം എന്നിവിടങ്ങളില്‍ രണ്ട് സംഭരണ ശാലകള്‍ ആരംഭിക്കും.
മൊബൈൽ ആപ്പ്
വനത്താല്‍ ചുറ്റപ്പെട്ട മേഖലയില്‍ കര്‍ഷകരുമായി നിരന്തരം ബന്ധപ്പെടുന്നതിന് മൊബൈല്‍ ആപ്പ് കൊണ്ടുവരും. ഓഫ് ലൈനിലും ഓണ്‍ലൈനിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ആപ്പാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
വിപണന ശൃംഖല
പ്രീമിയം ഉൽപ്പനങ്ങളായാണ് അതിരപ്പിള്ളി ട്രൈബല്‍ പ്രോഡക്റ്റ്‌സ് വിപണിയിലെത്തുക. വിമാനത്താവളം, വിദേശികള്‍ ധാരാളമായി എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതിരപ്പിള്ളി ട്രൈബല്‍ വാലി ഉത്പന്നങ്ങള്‍ക്കായി കിയോസ്‌ക്കുകള്‍ ആരംഭിക്കും. ഗിഫ്റ്റ് ഹാംപറുകളായും വിതരണം നടത്തും. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വിപണന സാധ്യതകളും ഉപയോഗപ്പെടുത്തും. ട്രൈഫെഡിന്റെ ഇന്ത്യയിലെ 122 ഔട്ട്‌ലറ്റുകളിലൂടെയും ഉത്പന്നങ്ങളുടെ വിതരണം നടക്കും. ഇന്ത്യയിലെ പ്രാധാനപ്പെട്ട മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിതരണം വ്യാപിപ്പിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അംഗൻവാടി കുട്ടികൾക്കായുള്ള പോഷണ ഘടകങ്ങൾ ചേർത്ത മിൽമ ഡിലൈറ്റ് മിൽക്ക് ജില്ലാ തല വിതരണോദ്‌ഘാടനം
Share your comments