യുവതികൾക്ക് തണലൊരുക്കി അവളിടം ക്ലബ്ബുകൾ
സ്ത്രീ ശാക്തീകരണം സാധ്യമാക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടി യുവജനക്ഷേമ ബോർഡ് നടപ്പാക്കിയ പദ്ധതിയാണ് അവളിടം ക്ലബ്ബുകൾ. ‘അവളിടം - voice of young women’ എന്ന പേരിൽ കേരളത്തിലുടനീളം 1,040 യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപാലിറ്റി എന്നിവിടങ്ങളിൽ ഒന്ന് വീതവും കോർപ്പറേഷനുകളിൽ രണ്ടെണ്ണം വീതവുമാണ് സജ്ജമാക്കിയിട്ടുള്ളത്.
സ്ത്രീകളിൽ അവബോധവും ആത്മവിശ്വാസവും വളർത്തി ശാക്തീകരണത്തിന് അടിത്തറ പാകാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബുകളുടെ രൂപീകരണം. സ്ത്രീധനത്തിനും സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കും എതിരെയുമുള്ള ബോധവൽക്കരണ പരിപാടികൾ, സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതി വഴി നടത്തുന്നു. സാമ്പത്തിക മേഖലയിൽ സ്ത്രീകളെ സ്വയംപര്യാപ്തമാക്കാനുള്ള സ്വയംതൊഴിൽ പരിശീലനത്തിനും അവളിടം ക്ലബ്ബുകൾ വഴിയൊരുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഒന്നിൽ കൂടുതൽ തവണ കാത് കുത്താമോ?
തയ്യൽ, ഡി.ടി.പി, മൊബൈൽ റിപ്പയറിങ്, ആഭരണ നിർമാണം, ഡിസൈനിംഗ്, കേക്ക് നിർമാണം, മാസ്‌ക് നിർമാണം തുടങ്ങിയവ ഇതിലുൾപ്പെടും. കൂടാതെ അവളിടം ക്ലബ്ബുകളിലെ അംഗങ്ങളെ ഉൾക്കൊള്ളിച്ച് ഡാൻസ്, മ്യൂസിക്, നാടക ട്രൂപ്പുകൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. വൈവിധ്യമായ പരിശീലന പരിപാടികൾ ഉൾപ്പെടുത്തി ക്ലബ്ബുകളെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് നടപ്പാക്കുന്നത്.
ഇലക്ട്രിക് ഓട്ടോ നൽകി ‘സ്നേഹയാനം’
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിച്ച കുട്ടികളുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ് ‘സ്നേഹയാനം’. രോഗബാധിതരായ കുട്ടികളുടെ പരിചരണവും പുനരധിവാസവും മറ്റ് ഭിന്നശേഷി അനുഭവിക്കുന്നവരെ അപേക്ഷിച്ച് പ്രയാസമാണ്. ഇവരിൽ ഭൂരിഭാഗം പേരും മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരാണ്.
ഇത്തരം കുട്ടികളെ കൂടുതലും പരിപാലിക്കുന്നത് അമ്മമാരാണ്. ചിലപ്പോൾ കുടുംബത്തിന്റെ ഏക വരുമാനമാർഗവും ഇവർ തന്നെയായിരിക്കും. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സ്ത്രീകൾക്ക് കുട്ടികളെ പ്രത്യേക സ്‌കൂളുകളിലോ തെറാപ്പി സെന്ററുകളിലോ എത്തിക്കാനും മറ്റ് സമയങ്ങളിൽ ഓട്ടോ വാടകയ്ക്ക് നൽകിയും വരുമാനം കണ്ടെത്താൻ സ്‌നേഹയാനം പദ്ധതി വഴിയൊരുക്കുന്നു.
ലോക്കൽ ലെവൽ കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടർ, ജില്ലാ സാമൂഹികനീതി ഓഫിസർ, എൻ.ജി.ഒ അംഗം, ജില്ലാ മെഡിക്കൽ ഓഫിസറുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ നൽകേണ്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള, നാഷണൽ ട്രസ്റ്റ് നിയമത്തിന് കീഴിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് അപേക്ഷിക്കാം.
- അപേക്ഷകർ 55 വയസിൽ താഴെ പ്രായമുള്ളവരും ഭർത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയിരിക്കണമെന്നും നിബന്ധനയുണ്ട്.
- മറ്റ് വരുമാനമാർഗങ്ങൾ ഉണ്ടാകരുത്.
- അപേക്ഷകയ്ക്ക് മുച്ചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കണം.
- അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ചുവിൽക്കാനോ കൈമാറാനോ പാടില്ല.
Share your comments