ഇന്ത്യയിലെ ഓരോ പൗരനും, ആധാർ കാർഡ് ഏറ്റവും നിർണായകമായ രേഖകളിൽ ഒന്നാണ്. സർക്കാർ ആവശ്യങ്ങൾക്കായാലും ആനുകൂല്യങ്ങൾക്കും സബ്സിഡികൾക്കും തുടങ്ങി വിവിധ കാര്യങ്ങൾക്ക് ആധാർ കാർഡാണ് ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി പോലും കണക്കാക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബാൽ ആധാർ കാർഡ് എന്നറിയപ്പെടുന്ന ആധാർ കാർഡ് നൽകുന്നു. ഇത് ആധാർ കാർഡുമായി ഏറെക്കുറേ സമാനമാണെങ്കിലും ബാൽ ആധാറിനായി അപേക്ഷിക്കേണ്ട രീതിയിൽ വ്യത്യാസമുണ്ട്.
എന്താണ് ബാൽ ആധാർ കാർഡ്?
അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള തിരിച്ചൽ രേഖയാണ് നീല ആധാർ എന്നറിയപ്പെടുന്ന ബാൽ ആധാർ കാർഡ്. കേന്ദ്രസർക്കാരാണ് ഈ ആധാർ കാർഡ് പുറത്തിറക്കിയിട്ടുള്ളത്. സാധാരണ മുതിർന്നവർക്ക് നൽകുന്ന കാർഡ് വെള്ള നിറമാണ്. എന്നാൽ ബാൽ ആധാർ നീല നിറത്തിലാണുള്ളത്. കുട്ടിക്ക് 5 വയസ്സ് പൂർത്തിയാകുമ്പോൾ ഈ നീല ആധാർ കാർഡ് അസാധുവാകും. സാധാരണ ആധാറിലുള്ളത് പോലെ നീല ആധാർ കാർഡിലും 12 അക്ക തിരിച്ചറിയൽ നമ്പർ അടങ്ങിയിട്ടുണ്ട്.
നീല അധാർ കാർർഡിനായി അപേക്ഷിക്കേണ്ട വിധം
നവജാതശിശുവിനുള്ള ബാൽ ആധാർ കാർഡിനായി മാതാപിതാക്കൾക്ക് അപേക്ഷിക്കാം. ആധാർ കാർഡ് വിതരണ സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI- യുഐഡിഎഐ) കുട്ടികൾക്ക് ആധാർ കാർഡ് നൽകുന്നതിനുള്ള രീതി പരിഷ്കരിച്ചു. കുട്ടി ജനിച്ച ആശുപത്രിയുടെ സർട്ടിഫിക്കറ്റോ സ്ലിപ്പോ കാണിച്ച് രക്ഷിതാക്കൾക്ക് കുട്ടിയുടെ ആധാർ കാർഡിന് അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ആധാറും പകർപ്പും വേണ്ട; നിമിഷങ്ങൾക്കകം ഇ- ആധാർ ഡൗൺലോഡ് ചെയ്ത് സേവനങ്ങൾ ഉറപ്പാക്കാം
5 വയസ്സിന് താഴെയുള്ള കുട്ടികളാണ് ബാൽ ആധാറിന് അർഹരെന്നത് ഓർക്കണം. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ബയോമെട്രിക്സ് ആവശ്യമില്ലെന്നും UIDAI വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ ബയോമെട്രിക് ആവശ്യമായി വരും. അതിനുശേഷം, പ്രധാന ആധാർ കാർഡിന് സമാനമായുള്ള ആധാർ കാർഡായിരിക്കും കുട്ടികൾക്ക് നൽകുന്നത്.
ബാൽ ആധാർ കാർഡിന് ആവശ്യമായ യോഗ്യതയും രേഖകളും
ബാൽ ആധാർ കാർഡിന് അപേക്ഷിക്കാൻ നിങ്ങളുടെ പക്കൽ ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്-
- അപേക്ഷകന്റെ കുട്ടി ഒരു ഇന്ത്യൻ പൗരനായിരിക്കണം.
- രജിസ്ട്രേഷൻ സമയത്ത്, കുട്ടിയുടെ പ്രായം അഞ്ച് വയസ്സിൽ കുറവായിരിക്കണം.
- കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മേൽവിലാസം എന്നിവ
- മാതാപിതാക്കളുടെ ആധാർ കാർഡ് നമ്പർ
- കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
- രക്ഷിതാവിന്റെ ഫോൺ നമ്പർ
- തിരിച്ചറിയൽ രേഖ (POI),വിലാസത്തിന്റെ തെളിവ് (POA), കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ (POR) ഇവ അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായി വരും.
കുട്ടിക്ക് അഞ്ച് വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ ബയോമെട്രിക് ഡാറ്റ ശേഖരിക്കും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, ബയോമെട്രിക് ഡാറ്റ ആവശ്യമില്ല.
ബാൽ ആധാർ കാർഡിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ
ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ആധാർ കാർഡ് രജിസ്ട്രേഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത് കുട്ടിക്ക് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
നിങ്ങളുടെ മേൽവിലാസം, പ്രദേശം, സംസ്ഥാനം മുതലായവ വിവരങ്ങളും, ജനസംഖ്യാപരമായ വിവരങ്ങളും പൂരിപ്പിക്കുക. തുടർന്ന് അപേക്ഷ സമർപ്പിക്കുക.
ആധാർ കാർഡ് രജിസ്ട്രേഷനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ, അപ്പോയിന്റ്മെന്റ് ഓപ്ഷനിലേക്ക് പോകുക.
ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്റർ തെരഞ്ഞെടുത്ത്, അപ്പോയിന്റ്മെന്റ് എടുക്കുക. ഈ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, രക്ഷിതാക്കൾക്ക് അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു അക്നോളജ്മെന്റ് നമ്പർ ലഭിക്കും.
അപേക്ഷ സമർപ്പിച്ച് 60 ദിവസത്തിനുള്ളിൽ ഒരു SMS ലഭിക്കുന്നതാണ്. നിങ്ങളുടെ ബാൽ ആധാർ കാർഡ് 90 ദിവസത്തിനുള്ളിൽ എത്തിച്ചേരും.
Share your comments