നീണ്ട ഇടവേളയ്ക്ക് ശേഷം കർഷകർക്ക് ഭീഷണിയായി വയനാടൻ വനമേഖലകളിൽ ഒരിനം ചാഴി പെരുകുന്നു. സുൽത്താൻ ബത്തേരി റെയ്ഞ്ചിലെ വള്ളുവാടി വനമേഖലയിലാണ് 'ബാംബൂ സീഡ് ബഗ്' എന്ന് വിളിക്കുന്ന ചാഴി പെരുകുന്നത്. വനത്തിനുള്ളിലെ മരങ്ങളിലും കുറ്റിചെടികളിലുമൊക്കെ കൂട്ടത്തോടെയാണ് ഇവ പെരുകുന്നത്. പലമരങ്ങളുടെയും ഇലകൾ മുഴുവൻ ഇവ പൊതിഞ്ഞിട്ടുണ്ട്. പ്രാണികൾ കൂട്ടത്തോടെ ഇരിക്കുന്നതിനാൽ മരച്ചില്ലകൾ താഴുകയും ഇവ പുറപ്പെടുവിപ്പിക്കുന്ന ചൂടുമൂലം ഇലകൾ വാടുകയും ചെയ്യുന്നുണ്ട്.
നേരത്തെ 1991 ലും 92 ലും വയനാട്ടിൽ ബാംബൂ സീഡ് ബഗ് വലിയ തോതിൽ ബാധിച്ചിരുന്നു. കേരളത്തിന് പുറമേ കർണാടക, തമിഴ്നാട്, അസം, മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഇത്തരം ചാഴികളെ കണ്ടെത്തിയിരുന്നു. പറക്കാന്‍ ശേഷിയുള്ള വലിയ ചാഴിക്ക് 11 മുതല്‍ ഒരു മില്ലിമീറ്റര്‍ വരെയാണ് നീളം. അര ഗ്രാം മുതല്‍ മുക്കാല്‍ ഗ്രാം വരെ ഭാരവും ഉണ്ട്. വയനാടന്‍ കാടുകളില്‍ വ്യാപകമായി മുള പൂത്തതാണ് ചാഴികളുടെ പെറ്റുപെരുകലിന് കാരണമെന്നാണ് നിഗമനം. കാലാവസ്ഥാ വ്യതിയാനവും മഴയും ഉള്ള സമയത്ത് ഇത്തരം പ്രാണികളെ കാണാറുണ്ടെന്നും ചില സന്ദർഭങ്ങളിൽ ഇവ വളരെ പെട്ടെന്ന് തന്നെ സ്വയം നശിച്ചു പോകാറുണ്ടെന്നും കൂടുതൽ നിരീക്ഷണങ്ങളിലൂടെ മാത്രമേ കൃത്യമായ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Share your comments