ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്രവിഷമുള്ളതും നിരോധിക്കപ്പെട്ടതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിലെ ഇനങ്ങളില്‍ വിഷാംശംങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഈ വര്‍ഷം ജൂണ്‍ വരെ ശേഖരിച്ച സാമ്പിളുകളാണ് വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലയിലെ പരിശോധനശാലയില്‍ പരിശോധിച്ചത്. ബീറ്റ് റൂട്ട്, സാമ്പാര്‍ മുളക്, മല്ലിയില, കറിവേപ്പില എന്നിവയിലെ ഓരോ സാമ്പിളുകളിലും പുതിനയിലയുടെ രണ്ട് സാമ്പിളുകളിലുമാണ് കുമിള്‍നാശിനിയും കീടനാശിനിയും കണ്ടെത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നു ശേഖരിച്ച പച്ചക്കറികള്‍, പഴങ്ങള്‍, സുഗദ്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ 553 സാമ്പിളുകളില്‍ 5.4 ശതമാനം സാമ്പിളുകളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച 497 പച്ചക്കറികളില്‍ 27 എണ്ണത്തില്‍ കീടനാശിനി കണ്ടെത്തി. പൊതുവിപണിയില്‍ നിന്ന് ശേഖരിച്ച 7.6 ശതമാനത്തിലും സ്വകാര്യജൈവപച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നു ശേഖരിച്ച 11.11 ശതമാനത്തിലും കര്‍ഷകരില്‍ നിന്നു നേരിട്ടുശേഖരിച്ച 3.89 ശതമാനത്തിലുമാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്.
Share your comments