സംസ്ഥാനത്ത് ഒരു വർഷത്തിനകം തരിശുരഹിതമാകുന്ന ഗ്രാമപഞ്ചായത്തുകൾക്ക് 15 ലക്ഷം രൂപയും നിയമസഭാ മണ്ഡലങ്ങൾക്ക് 20 ലക്ഷം രൂപയും പാരിതോഷികം നല്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മധുരവേലി പാടശേഖരത്ത് വിത ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സമ്പൂർണ തരിശുരഹിതമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന് ആദ്യം ഗ്രാമപഞ്ചായത്തുകളും തുടർന്ന് ഓരോ നിയോജക മണ്ഡലങ്ങളും ഓരോ ജില്ലകളും തരിശുരഹിതമാകണം. ഒന്നാം കുട്ടനാട് പാക്കേജിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ കാർഷിക പുരോഗതി ലക്ഷ്യം വച്ച് രണ്ടാം കുട്ടനാട് പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികളുടെയും കർഷകരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാകും രണ്ടാം കുട്ടനാട് പാക്കേജിന്റെ അന്തിമ രൂപം തയ്യാറാക്കുക. അപ്പർ കുട്ടനാട്ടിലെ കർഷകർക്ക് സർക്കാർ നൽകാനുള്ള പമ്പിംഗ് സബ്‌സിഡി സമയബന്ധിതമായി കൊടുത്തു തീർക്കും. കർഷകരുടെ ആനുകൂല്യം നിഷേധിക്കുന്ന ഉദ്യോസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജോസ്. കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനിൽ കുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Photos - കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മധുരവേലി പാടശേഖരത്ത് വിത ഉത്സവം ഉദ്ഘാടനം- -കാർഷിക വികസന കർഷക ക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ
-CN Remya Chittettu, #KrishiJagran
Share your comments