തേനീച്ച വളര്‍ത്തലും റബ്ബര്‍ കൃഷിയും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടാവും. റബ്ബറിന്റെ വിലയിടിവ് കൊണ്ട് കഷ്ട്ടപ്പെടുന്ന കര്‍ഷകര്‍ക്കൊരു അധിക വരുമാനമാര്‍ഗമാവുകയാണ് തേനീച്ച വളര്‍ത്തല്‍. ഇതിന്റെ അനന്ത സാദ്ധ്യതകള്‍ കണ്ടുകൊണ്ട് റബ്ബര്‍ ബോര്‍ഡ് 2016 -17 ല്‍ ആരംഭിച്ച തേനീച്ചവളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്.
വീട്ടമ്മമാര്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍, പ്രവാസികള്‍ എന്നിവരാണ് ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പലരും ചെറിയ തോതില്‍ സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും, തങ്ങള്‍ക്ക് ആളുകളില്‍ നിന്ന് വളരെ പ്രോത്സാഹനപരമായ പ്രതികരണമാണ് കിട്ടുന്നതെന്നും റബര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മീഷണര്‍ പി.പി.ഷാജി പറഞ്ഞു. കൊല്ലം മുതല്‍ കണ്ണൂരുവരെയുള്ള റബര്‍ പ്രൊഡ്യൂസഴ്‌സ് സൊസൈറ്റികളില്‍ ക്ലാസ്സ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ മീനച്ചലില്‍ വച്ചായിരുന്നു ആദ്യത്തെ ക്ലാസ്.
ഒരു കിലോ തേനിന് 300 രൂപവരെ വിലയുണ്ട്. കേരളത്തിലുള്ള 5.50 ലക്ഷം ഹെക്ടറില്‍ റബ്ബര്‍ തോട്ടങ്ങളില്‍ നിന്നും 80,000 ടണ്‍ തേന്‍ കിട്ടുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ 5000 ടണ്‍ തേന്‍ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളു. തേനീച്ച കൃഷി ദീര്‍ഘകാലാടിസ്ഥാനമായി വികസിപ്പിക്കേണ്ടതും, തൊഴില്‍ സൃഷ്ടിക്കുന്ന സംരംഭവും ആണ്. ഗ്രാമീണ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും തേനീച്ച വളര്‍ത്തല്‍ മികച്ച ആദായം നേടിത്തരുന്ന ഒന്നാണ് .
ഇന്ത്യയില്‍ തേന്‍ ഉല്പാദിപ്പിക്കുന്നതിന്റെ 42 ശതമാനവും ( 1 ലക്ഷം ടണ്‍) തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തിലും തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്.അനുകൂലമായ കാലാവസ്ഥ കൊണ്ടും, വൈവിധ്യങ്ങളായ സസ്യജാലങ്ങള്‍ കൊണ്ടും കേരളം തേനീച്ച കൃഷിക്ക് ഏറ്റവും അനുകൂലമാണ്. കേരളത്തിലെ പ്രധാന തേന്‍ സ്രോതസ്സാണ് റബര്‍ മരങ്ങള്‍.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം തേന്‍ എടുക്കുന്നതിനായി കേരളത്തില്‍ 6 ലക്ഷം തേനീച്ച കോളനികളുണ്ട്. കര്‍ഷകര്‍ ശാസ്ത്രീയമായ രീതിയല്ല തേനീച്ച വളര്‍ത്തല്‍ അവലംബിക്കുന്നതെന്നും, അതിനാല്‍ പരിശീലനക്ലാസ്സുകള്‍ വിപുലമാക്കണമെന്നും ഷാജി പറഞ്ഞു.
Share your comments