കഴിഞ്ഞ വർഷം പൂർത്തിയാക്കാനാതെ പോയതും തടസ്സപ്പെട്ടതുമെല്ലാം 2022ൽ നിറവേറ്റണമെന്ന ലക്ഷ്യത്തോടെയായിരിക്കും പലരും പുതുവർഷത്തെ വരവേറ്റത്. സാമ്പത്തികപരമായി നിങ്ങളിനിയും സുരക്ഷിതമായില്ലെങ്കിൽ, അതിനുള്ള പോംവഴി കൂടിയാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ പദ്ധതികളും സ്റ്റോക്കുകളും നിക്ഷേപ പദ്ധതികളും.
പുതുവർഷം നന്നായി തുടങ്ങാനും, മഹാമാരിയിൽ നിന്നേൽക്കുന്ന സാമ്പത്തിക ആഘാതങ്ങളിൽ നിന്നും പരിരക്ഷ നേടുന്നതിനും സഹായിക്കുന്ന മൂന്ന് ഉപായങ്ങളുമാണ് ചുവടെ ചർച്ച ചെയ്യുന്നത്. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളും മ്യൂച്വല്‍ ഫണ്ട് റിട്ടേണുകളിലും (Mutual Fund Returns) റീട്ടെയില്‍ ഇക്വിറ്റി നിക്ഷേപത്തിലും (Retail Equity Investments) പ്രകടമായ വർധനവ് രേഖപ്പെടുത്തിയിരുന്നു.
അതുകൊണ്ട് തന്നെ 2021ല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ 72 ലക്ഷം കോടി രൂപ സമ്പാദിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുപോലെ സുരക്ഷിതമായി പണം സമ്പാദിക്കാനുള്ള മൂന്ന് പ്രധാന മാർഗങ്ങൾ ഇനിയും അറിയാത്തവർ ഇത് തീർച്ചയായും വായിച്ചിരിക്കണം.
ദേശീയ പെന്‍ഷന്‍ പദ്ധതി (National Pension Scheme)
വിശ്രമജീവിതത്തിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നുള്ള ധാരണ തെറ്റാണ്. വിരമിക്കലിന് ശേഷവും നിങ്ങളുടെ സ്ഥിരവരുമാനം ഉറപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. സമ്പത്ത് കാലത്ത് സമ്പാദ്യത്തിനായി സ്വരുക്കൂട്ടി ആപത്ത് കാലത്ത് ജീവിതം സുരക്ഷിതമാക്കുക എന്നത് തന്നെയാണ് ഈ പദ്ധതി ലക്ഷ്യം വക്കുക.
ജീവിച്ചിരിക്കുന്ന കാലം വരെ നിങ്ങള്‍ക്ക് ഒരു നിശ്ചിത പ്രതിമാസ പെന്‍ഷൻ ലഭിക്കുന്നു എന്നതിന് പുറമെ, വിരമിക്കുമ്പോള്‍ ഒരു ലംപ്സം ഗ്രാന്റും നേടാം. കൂടാതെ, തന്റെ മെച്യൂരിറ്റി കോര്‍പ്പസിന്റെ പരമാവധി 60 ശതമാനം ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ നിന്ന് നികുതി രഹിതമായി ഒറ്റത്തവണയായി പിന്‍വലിക്കാനുള്ള സംവിധാനമുണ്ട്.
ബാക്കി തുക ഏതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഒരു ആന്വിറ്റിയായി വാങ്ങാം. ആന്വിറ്റി എന്നാൽ വർഷം തോറും ഒരു നിശ്ചിത പലിശ കിട്ടുന്നതിന് വേണ്ടി നിക്ഷേപിക്കുന്ന തുകയാണ്. പ്രീമിയം റിട്ടേൺ ഓപ്ഷനിലൂടെ ശരാശരി 5-6% നിരക്കില്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നതിനും ദേശീയ പെന്‍ഷന്‍ പദ്ധതി സഹായകരമാണ്.
ഇന്ത്യയിലെ പെന്‍ഷന്‍ ഫണ്ടുകളെ നിയന്ത്രിക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി അഥവാ പിഎഫ്ആർഡിഎ (Pension Fund Regulatory and Development Authority- PFRDA)യാണ് ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപ പദ്ധതി (SCSS- Senior Citizen Savings Scheme)
പോസ്റ്റ് ഓഫീസ് സ്കീമിൽ ഉൾപ്പെടുന്ന, റിസ്ക് പരമാവധി കുറവുള്ള നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകന് പരമാവധി 15 ലക്ഷം രൂപ വരെ 1,000 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപിക്കാം. ഓരോ പാദത്തിലുമായി പദ്ധതിയുടെ പലിശ ലഭ്യമാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായി നിക്ഷേപം നടത്താമെന്നതും മറ്റേതൊരു ഫിക്സഡ്-റിട്ടേണ്‍ സ്‌കീമിനേക്കാളും കൂടുതൽ വരുമാനം ലഭിക്കാമെന്നതും ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകതയാണ്.
ഓഹരികള്‍ (Stocks)
2019നെ അപേക്ഷിച്ച് 2021ൽ സാമ്പത്തികപരമായി മുന്നേറ്റം നടത്താൻ ഇന്ത്യക്ക് സാധിച്ചു. കമ്പനികളുടെ സ്റ്റോക്ക് വിലകളിലും കാര്യമായ സ്വാധീനം വരുന്ന വർഷങ്ങളിലുണ്ടാവുമെന്നാണ് പ്രതീക്ഷ. തുടങ്ങി 3-5 വർഷത്തിനുള്ളിൽ തന്നെ സാധ്യമായ മികച്ച വരുമാനം നേടാമെന്നതാണ് സ്റ്റോക്കുകളുടെ മേന്മ. ബ്ലൂ-ചിപ്പ്, മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് സ്റ്റോക്കുകള്‍ എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: 250 വീതം നിക്ഷേപിക്കൂ, 21 വർഷം പൂർത്തിയാകുമ്പോൾ തുക പലിശ സഹിതം തിരികെ
ഗോദ്‌റെജ് അഗ്രോവെറ്റ്, ടൈംസ് ഗ്രീൻ എനർജി എന്നിവയും മറ്റ് നിരവധി സുപ്രധാന ഐപിഒകളും വിപണികളിൽ കാര്യമായ സ്വാധീനം വരുത്തും. ഓഹരികളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് മാന്യമായ വരുമാനം നൽകുന്നതിന് സഹായകരമാകും.
Share your comments