1. ഭാരത് റൈസ് രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനിലും ലഭ്യമാക്കും. സ്റ്റേഷനിൽ മൊബൈൽ വാൻ പാർക്ക് ചെയ്തായിരിക്കും അരി വിതരണം ചെയ്യുക. എല്ലാ ദിവസവും വൈകുന്നേരം രണ്ട് മണിക്കൂർ നേരമായിരിക്കും വിൽപ്പന ഉണ്ടായിരിക്കുക. പൊതുവിതരണ വകുപ്പിൻ്റെ തീരുമാനത്തിന് റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുമതി നൽകി. 3 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഭാരത് അരി, ഭാരത് ആട്ട, എന്നിവ വിതരണം ചെയ്യാനാണ് തീരുമാനം.
2. സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. മാർച്ച് 31 നകം മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ സമയം ചോദിക്കുന്നത്. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറുകൾ മൂലമാണ് മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്തത്. റേഷൻ വിതരണത്തിനൊപ്പം തന്നെ മസ്റ്ററിങും ഒരേ സമയം സാധ്യമല്ല. കേരളത്തിൽ ഇനിയും ഒരു കോടി അമ്പത്തിനാല് ലക്ഷത്തോളം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഇത് വരെ പൂർത്തിയാക്കിയത് 22 ലക്ഷം ആളുകൾ മാത്രമാണ്.
3. വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിച്ച കർഷകരിൽ ബാങ്ക് അക്കൗണ്ട് സെർവർ തകരാർ കാരണം ആനുകൂല്യം ലഭിക്കാതിരുന്നവർ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ആനുകൂല്യത്തിന് കൃഷി ഭവനുകളിൽ അപേക്ഷ സമർപ്പിച്ച ചില കർഷകർക്ക് സാങ്കേതിക കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടുകളിൽ തുക ക്രെഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന എസ്.എം.എസ് സന്ദേശം ട്രഷറിയിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇത്തരത്തിൽ എസ്.എം.എസ് ലഭിച്ച കർഷകർ സന്ദേശം ലഭിച്ച് അഞ്ചുദിവസത്തിനുള്ളിലും ഇനി ലഭിക്കുന്നവർ അതത് ദിവസങ്ങളിലും ബന്ധപ്പെട്ട കൃഷി ഭവനുകളെ സമീപിച്ച് കൃത്യമായ ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി വിവരങ്ങൾ എന്നിവ നൽകണം. അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടൊപ്പം പാസ് ബുക്കിന്റെ പകർപ്പും സമർപ്പിക്കണം.
4. കനത്തചൂടിൽ വലയുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ 'തണ്ണീർപന്തലുകൾ' ആരംഭിച്ചു. കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പാമ്പാടി ബസ് സ്റ്റാൻഡിൽ ആരംഭിച്ച സഹകരണ തണ്ണീർപന്തലിന്റെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതുഇടങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കുമെന്നും വേനൽ അവസാനിക്കും വരെ ഇവ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കനത്ത ചൂടിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ തണ്ണീർപന്തലുകളൊരുക്കി സഹകരണ വകുപ്പ്
Share your comments