News

ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും - മന്ത്രി വി.എസ്. സുനില്‍കുമാര്‍

ബയോടെക്‌നോളജി ഗവേഷണരംഗത്ത് ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ കേരള വെറ്ററിനറി സര്‍വകലാശാല സ്ഥാപിക്കുന്ന ബയോ സയന്‍സ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ (ബി.ആര്‍.ടി.സി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്ററിന്റെ പരിപൂര്‍ണലക്ഷ്യത്തിലേക്ക് താമസംകൂടാതെ എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ സെന്ററിന്റെ വികസനത്തിനുള്ള ധനസഹായം ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കും. ഗവേഷണകേന്ദ്രം വിഭാവനം ചെയ്ത രീതിയില്‍ വളര്‍ത്താന്‍ 30 കോടിയോളം രൂപ വേണം. കൂടാതെ കിഫ്ബി വഴി പ്രോജക്ട് സമര്‍പ്പിച്ച് അതുവഴി ഫണ്ട് നേടിയെടുക്കാനും മുന്‍കൈയെടുക്കും.

മൃഗസംരക്ഷണമേഖലയില്‍ രോഗപ്രതിരോധ സംവിധാനങ്ങള്‍ക്കുള്ള അടിസ്ഥാന ഗവേഷണങ്ങള്‍ക്ക് പുതിയ ബയോടെക്‌നോളജി സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി സാധ്യതകളാണ് പുതിയ സെന്ററിനുള്ളത്. ഗവേഷണസാധ്യതകള്‍ ഉപയോഗപ്പെടുത്താനും ഈ മേഖലയിലെ വ്യവസായങ്ങള്‍ക്ക് ആവശ്യമായഘടകങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നല്‍കാനാവുന്ന രീതിയില്‍ വളരാനും കഴിയണം. ഈ മേഖലയില്‍ അധികം സ്ഥാപനങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് കുത്തക നേടാന്‍ വെറ്ററിനറി സര്‍വകലാശാലയ്ക്ക് സാധിക്കും.

ഗവേഷണരംഗത്ത് മാനവശേഷിയിലും വിദഗ്ധന്‍മാരുടെ സാന്നിധ്യത്തിലും നമ്മള്‍ സമ്പന്നമാണ്. സാമ്പത്തികപിന്തുണകൂടി ലഭ്യമാക്കിയാല്‍ ബയോടെക്‌നോളജി ഗവേഷണത്തിലും പരിശീലനത്തിലും ലോകോത്തരനിലവാരമുള്ള കേന്ദ്രമായി ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ മാറ്റാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ബയോ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആരംഭിച്ച ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലെ ആദ്യസംരംഭമെന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ഈ ഗവേഷണകേന്ദ്രത്തെ കാണുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എക്‌സ്. അനില്‍, രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു, ബി.ആര്‍.ടി.സി കോ ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജ ആര്‍. നായര്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി, വാര്‍ഡംഗം ബി.ലളിതാംബിക തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മൃഗങ്ങളിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അടിസ്ഥാന തത്വങ്ങളില്‍ ഗവേഷണം നടത്തുന്നതിനാണ് ഗവേഷണകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.  ഇതിന് ആവശ്യമായ വൈറോളജി ലാബ്, സെല്‍ കള്‍ച്ചറല്‍ ലാബ്, മോളിക്യൂലര്‍ ബയോളജി ലാബ് ഇവിടെ സജ്ജമാക്കും.  ജൈവസാങ്കേതിക വിദ്യയിലൂടെ ഉത്പാദിക്കുന്ന പുതിയ രോഗപ്രതിരോധ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ലബോറട്ടറികളും ഇവിടെ സജ്ജമാക്കുവാന്‍ സര്‍വകലാശാല ലക്ഷ്യമിടുന്നുണ്ട്.

അടുത്തഘട്ടമായി ഗവേഷണത്തിനാവശ്യമായ ലബോറട്ടറി -മൃഗങ്ങളെ ഉത്പാദിപ്പിച്ചു ഈ പാര്‍ക്കില്‍ ഉയര്‍ന്നുവരുന്ന മറ്റു ഗവേഷണകേന്ദ്രങ്ങള്‍ക്കും വിപണനം ചെയ്യുന്നതിനു അന്തര്‍ദേശീയ നിലവാരത്തിലുളള ഒരു ലാബ് അനിമല്‍ റിസര്‍ച്ച് ഫെസിലിറ്റിയും ഇവിടെ സജ്ജമാക്കുന്നതിനൊപ്പം ആവശ്യമായ പരിശീലന പരിപാടികളും നടത്തും. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലെ പൂര്‍ത്തിയായ ആദ്യ സംരംഭമാണ് ഈ ഗവേഷണകേന്ദ്രം.


English Summary: Bio Technology research to have international standards

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine