ശ്രീലങ്ക വഴിയുള്ള കുരുമുളക് ഇറക്കുമതി കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വർധിക്കുന്നതായി റിപ്പോർട്ട്.കേന്ദ്രസർക്കാർ ഇറക്കുമതി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കുറഞ്ഞ വിലയായി കിലോഗ്രാമിന് 500 രൂപ നിശ്ചയിച്ചത്. എന്നാൽ സർക്കാർ നിശ്ചയിച്ച വില നൽകിയും ഇറക്കുമതി തുടരുകയാണ്.
ആഭ്യന്തര വിപണിയിൽ കുരുമുളകിന് കിലോഗ്രാമിന് പരമാവധി 400 രൂപയിൽ താഴെയുള്ളപ്പോൾ, 500 രൂപയ്ക്ക് മുളക് ഇറക്കുമതി ചെയ്യുന്നത് വിപണിയിൽ ആശ്ചര്യം ഉണ്ടാക്കിയിരിക്കുകയാണ്.ശ്രീലങ്ക വഴി സെപ്‌റ്റംബറിൽ 1,000 ടണ്ണും ഒക്ടോബറിൽ 1,500 ടണ്ണും ഇറക്കുമതി നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു..രാജ്യത്ത് ലഭിക്കുന്ന വിലയേക്കാൾ കൂടിയ വിലയ്ക്ക് മുളക് ഇറക്കുമതി ചെയ്യുന്നതിനെ ക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും.ആവശ്യപ്പെട്ട് ഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസ് ട്രേഡേഴ്‌സ്, പ്ലാന്റേഴ്‌സ് കൺസോർഷ്യം കേരള ഘടകം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്.
വിയറ്റ്‌നാമിൽ കുരുമുളകിന് വില ടണ്ണിന് 3,000 ഡോളറാണ്. ശ്രീലങ്കയിൽ 3,500 ഡോളറാണ് വില. കിലോഗ്രാമിന് 500 രൂപ എന്ന് കണക്കാക്കിയാൽ ഇന്ത്യയിലെ വില 7,100 ഡോളറാണ്.കഴിഞ്ഞ രണ്ട് മാസത്തെ കണക്ക് പരിശോധിച്ചാൽ തന്നെ ഏതാണ്ട് 37 കോടി രൂപ ഈ ഇനത്തിൽ രാജ്യത്തിന് നഷ്ടമുണ്ടായിട്ടുണ്ട്.സാഫ്ത കരാർ പ്രകാരം ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് മുളക് ഇറക്കുമതിക്ക് ഇളവുകളുണ്ട്. എട്ട് ശതമാനം ഇറക്കുമതി ചുങ്കം നൽകിയാൽ എത്ര വേണമെങ്കിലും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 70 ശതമാനമാണ് തീരുവ.വിയറ്റ്‌നാമിൽ നിന്നുള്ള ഇറക്കുമതിക്ക് 52 ശതമാനമാണ് തീരുവ അടയ്‌ക്കേണ്ടത്. അതുകൊണ്ട് വിയറ്റ്‌നാമിൽ നിന്നുള്ള ചരക്ക് ശ്രീലങ്കയുടെ സർട്ടിഫിക്കറ്റോടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
Share your comments