ഇന്ത്യയിലെ ജനപ്രിയ ചോക്ലേറ്റ് കാഡ്ബെറി ബഹിഷ്കരിക്കാൻ ആഹ്വാനം. #BoycottCadbury എന്ന ഹാഷ്ടാഗിൽ കാഡ്ബെറി ചോക്ലേറ്റ് ബഹിഷ്കരിക്കണമെന്നുള്ള ആവശ്യം ട്വിറ്ററിൽ പ്രചരിക്കുകയാണ്. ചോക്ലേറ്റിന്റെ ദീപാവലി സ്പെഷ്യല്‍ പരസ്യത്തെ ചൊല്ലിയാണ് വിവാദം.
കാഡ്ബെറിയുടെ പുതിയ പരസ്യത്തിലെ കച്ചവടക്കാരന് ദാമോദർ എന്ന് പേര് നൽകിയതാണ് ആരോപണത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്‍റെ പേര് നൽകിയത് മനഃപ്പൂർവ്വമാണെന്നും ആരോപണത്തിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Gujarat തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 141 ആയി; കേസ് രജിസ്റ്റർ ചെയ്ത് മുനിസിപ്പൽ അധികൃതർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി അല്ലെങ്കിൽ ദരിദ്രനായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ബഹിഷ്കരണ ആഹ്വാനത്തിന് പിന്നിലുള്ളവർ പറയുന്നത്. കാഡ്ബെറി ചോക്ലേറ്റ് ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനവുമായി ഒരുപക്ഷം ചേർന്നപ്പോൾ മറ്റുചിലര്‍ പരസ്യത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പരസ്യം വളരെ നല്ലതാണെന്നും ഇത്തരം വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും പറയുന്നു.
ഇതാദ്യമായല്ല കാഡ്ബറി ചോക്ലേറ്റിന് എതിരെ ബഹിഷ്കരണം വരുന്നത്. കാഡ്ബറിയുടെ ഡയറി മിൽക്കിൽ ബീഫ് ചേര്‍ക്കുന്നുവെന്നായിരുന്നു കഴിഞ്ഞ വർഷം ഉയർന്ന ആരോപണം. എന്നാൽ ചോക്ലേറ്റിൽ ബീഫ് ചേർക്കുന്നില്ലെന്നും, ഇന്ത്യയിൽ നിർമിക്കുന്ന കാഡ്ബെറിയുടെ എല്ലാ ചോക്ലേറ്റുകളും വെജിറ്റേറിയൻ ആണെന്നും കമ്പനി വിശദീകരണം നൽകി.
ഒരു ഡോക്ടർ വൃദ്ധനായ ദിയ വിൽപ്പനക്കാരനെ സമീപിക്കുന്നു. ദാമോദർ എന്ന് വിളിച്ചുകൊണ്ടാണ് ഡോക്ടർ മുൻപേ തനിക്ക് പരിചയമുള്ള കച്ചവടക്കാരന് അടുത്തേക്ക് വരുന്നത്.
എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് കടക്കാരൻ ചോദിക്കുമ്പോൾ, ഒന്നും വാങ്ങാനല്ല തരാനാണ് വന്നതെന്ന് ഡോക്ടർ പറയുന്നു.
കച്ചവടത്തിന് കൃത്യമായി ഒരു സ്ഥലമില്ലാത്ത, വഴിയോരക്കച്ചവടക്കാരനാണ് ദാമോദർ. അയാൾക്ക് ഡോക്ടർ ദീപാവലി സമ്മാനമായി കാഡ്ബറി ചോക്ലേറ്റിന്റെ ഒരു വലിയ പായ്ക്കും നൽകുന്നു. അതിനൊപ്പം ഓൺലൈനായി എങ്ങനെ തന്റെ കച്ചവടം നടത്താമെന്നതിന് ഡോക്ടർ ചോക്ലേറ്റ് ബോക്സിലെ ക്യുആർ കോഡും കച്ചവടക്കാരന് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.
ദരിദ്രനായ വിൽപ്പനക്കാരനായ ദാമോദർ എന്ന പേര് നൽകാൻ ബ്രാൻഡ് തീരുമാനിച്ചതോടെയാണ് ബഹിഷ്കരണത്തിനുള്ള വിവാദങ്ങളും ആരംഭിച്ചത്.
Share your comments