 
            ഇരട്ടയാർ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിയിലൂടെയാണ് പരിപാടി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനായി സംയുക്തമായി അവലോകന യോഗങ്ങൾ ചേരുന്നുണ്ടെന്നും ഇത് പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്തോടെ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾ: ആന്ധ്ര ജയ അരിയ്ക്ക് കേരളത്തിൽ വില കൂടും
പദ്ധതിയുടെ ശിലാഫലക അനാശ്ചാദനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രം ഭാരവാഹികൾ 4 സെൻറ് ഭൂമി ജലജീവൻ മിഷൻ പദ്ധതിയിലേക്കും, ടൂറിസം പദ്ധതിക്കായി 31 സെന്റ് സ്ഥലവുമുൾപ്പെടെ 35 സെന്റ് ഭൂമിയുടെ രേഖകൾ ഇരട്ടയാർ പഞ്ചായത്തിന് കൈമാറി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2.84 കോടി രൂപയുടെ ഭരണാനുമതി പ്രകാരം നിലവിലുള്ള പൈപ്പ് ലൈനിൽ നിന്നും കണക്ഷനുകൾ നൽകിയിരുന്നു.
5831.57 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ വിവിധ പ്രദേശങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് 5,645 ഗാർഹിക കുടിവെള്ള കണക്ഷൻ നൽകൽ, 5 എം.എൽ.ഡി ശേഷിയുള്ള കുടിവെള്ള ശുദ്ധീകരണ ശാലയുടെ നിർമാണം, നിലവിലെ പമ്പ് ഹൗസ് നവീകരണം, പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കൽ, സംഭരണ ടാങ്കുകളുടെ നിർമ്മാണം, പ്രധാനപൈപ്പ് ലൈനുകളുടെ സ്ഥാപിക്കൽ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
നിലവിലെ ഇരട്ടയാർ ഡാമിലെ പമ്പ് ഹൗസ് നവീകരിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുതിയതായി സ്ഥാപിക്കുന്ന 5 എം.എൽ.ഡി ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച് ഹീറോപടി, കുരിശുമൂട്ടിൽപടി, അടയാളക്കല്ല്, നാടുതൊട്ടി, ചിറയ്ക്കൽപടി (തെന്നാലിസിറ്റി) എന്നീ സംഭരണ ടാങ്കുകളിലെത്തിച്ച് അവിടെ നിന്നും വീടുകളിലേക്കെത്തിക്കാനാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ എംഎം മണി എംഎൽഎ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി.
മധ്യമേഖല ചീഫ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി സുധീർ റ്റി. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ജിൻസൺ പ്രസിഡന്റ് ജിൻസൺ വർക്കി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ സിനി മാത്യു, ജിഷ ഷാജി, ജയ്നമ്മ ബേബി, മിനി സുകുമാരൻ, ബിൻസി ജോണി, തോമസ് ജോൺ, റെജി ഇലിപ്പുലിക്കാട്ട്, രതീഷ് ആലേപ്പുരക്കൽ, ജോസ് തച്ചാപറമ്പിൽ, ആനന്ദ് സുനിൽകുമാർ, സോണിയ മാത്യു, രജനി സജി, ഐ.എസ്. എ പ്ലാറ്റ്ഫോം ചെയർമാൻ ടി. കെ തുളസിധരൻപിള്ള ,അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രം പ്രസിഡന്റ് കെജി വാസുദേവൻ നായർ, സെക്രട്ടറി സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments