കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മുംബൈ-കന്യാകുമാരി, തൂത്തുക്കുടി-കൊച്ചി, മൈസൂരു-മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റർ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവർ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് 13 റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സംയുക്തമായി നിർവഹിച്ചശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.
മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിലെ 700 കിലോമീറ്റർ ആണ് കാസർകോട് മുതൽ ആലപ്പുഴ വരെയുള്ള ഒൻപത് ജില്ലകളിലൂടെ കടന്നുപോകുക. തൂത്തുക്കുടി-കൊച്ചി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ 166 കിലോമീറ്റർ എറണാകുളം, ഇടുക്കി ജില്ലയിലൂടെ കടന്നു പോകും. മൈസൂരു-മലപ്പുറം പദ്ധതി 72 കിലോമീറ്റർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയും കടന്നുപോകും.
റോഡ് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ട് ഉദ്ഘാടനം ഉൾപ്പെടെ 15 പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റേയും മുഖ്യമന്ത്രിയുടെയും നിർലോഭമായ പിന്തുണമൂലമാണ് സ്ഥലമേറ്റെടുക്കൽ പ്രവർത്തി ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ പെട്ടെന്ന് പൂർത്തിയാക്കി റോഡ് വികസനം കേരളത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത്. ടൂറിസം പ്രധാന വരുമാന മാർഗമായ കേരളത്തിൽ റോഡ് ഗതാഗത സൗകര്യം മെച്ചപ്പെട്ടാൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം മൂന്നിരട്ടി വളരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം തൊഴിൽ സാധ്യതകൾ വർദ്ധിക്കുകയും സർക്കാറിന് കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയും ചെയ്യും.
ഒരുപാട് ജനങ്ങൾക്ക് സ്വന്തം കാറുകൾ ഉള്ളതും ഭൂമിവില കൂടിയതുമായ കേരളത്തിൽ റോഡ് വികസനം സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിന് പരമപ്രധാനമാണ്. കേരളത്തിന്റെ ചെറുതും വലുതുമായ പല നഗരങ്ങളിലും 18 ബൈപാസുകൾ ആണ് നിർമിക്കുന്നത്. ആയിരം കോടി രൂപയാണ് ഇതിന് നീക്കിവെച്ചത്.
റോഡുകൾക്ക് തുറമുഖവുമായി ഉള്ള കണക്ടിവിറ്റിയും ടൂറിസം വികസനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കും. സംസ്ഥാനത്തെ ഗതാഗത മേഖല ഫോസിൽ ഇന്ധനത്തിൽ നിന്നും ഇലക്ട്രിക്, ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റണമെന്ന നിർദേശം ഗഡ്കരി മുന്നോട്ടു വച്ചു.
2025 ആകുന്നതോടെ കേരളത്തിലെ റോഡ് അടിസ്ഥാനസൗകര്യ വികസനം അമേരിക്കയുടേതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. കേരളത്തിൽ ദേശീയപാത വികസനം എന്ന ചിരകാല അഭിലാഷം വലിയ ടീം വർക്കിന്റെ വിജയമാണെന്ന് ചടങ്ങിൽ സംസാരിച്ച സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെയും ദേശീയപാതാ വികസന അതോറിറ്റിയുടെയും സഹകരണത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതികൾ നടപ്പാക്കിയത്. സംസ്ഥാനത്തിന്റെ വികസന സമീപനങ്ങളോട് വളരെയധികം അനുഭാവപൂർണമായ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.
രണ്ട് റോഡുകളുടെ ഉദ്ഘാടനവും 13 റോഡ് പദ്ധതികൾക്ക് ശിലയിടലും സംസ്ഥാന വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യവികസനത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന സർക്കാറാണ് കേന്ദ്രത്തിലേത്. അടുത്ത 25 വർഷം കൊണ്ട് രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കഠിനയത്നത്തിലാണ് കേന്ദ്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, എൻ.എച്ച്.എ.എൽ ഉന്നത ഉദ്യോഗസ്ഥരായ ബി. എൽ മീണ, രജനീഷ് കപൂർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments