കാര്യവട്ടത്തെ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷനില്‍ നടന്ന ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ചിൻ്റെ (സി ഫൈവ്) സമൃദ്ധി പദ്ധതിയുടെ ഉത്‌ഘാടന ചടങ്ങ് ഏറെ വ്യത്യസ്തത നിറഞ്ഞതായിരന്നു. അതിഥികള്‍ക്കു നൽകിയത് ഏതാനും വിദ്യാര്‍ഥിനികള്‍ തെങ്ങോലക്കാലുകള്‍ മെടഞ്ഞ് ഉണ്ടാക്കിയ ചെറിയ പൂക്കുടകളിൽ തെച്ചിയും മഞ്ഞയരളിയും പോലുള്ള നാടന്‍ പൂക്കൾ നിറച്ചായിരുന്നു. ചടങ്ങു കഴിഞ്ഞ്, വിളമ്പിയ ലഘുഭക്ഷണം ബേക്കറി സാധനങ്ങളോ, ഫാസ്റ്റ് ഫുഡോ അല്ല, പുഴുങ്ങിയ കപ്പയും മുളകുചമ്മന്തിയും കട്ടന്‍ ചായയുമായിരുന്നു. ചടങ്ങിനെത്തിയ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും കളക്ടര്‍ കെ.വാസുകിയും മറ്റുള്ളവരും അതു കഴിച്ചു.
തുണികൊണ്ടുള്ള ബാഗുകളുടെയും കടലാസ് കൊണ്ടുണ്ടാക്കിയ പേനകളുടെയും പ്രദര്‍ശനവിപണനവും കോളേജിലുണ്ടായിരുന്നു.കിളിമാനൂര്‍ സ്വദേശിനിയും പോളിയോബാധിതയുമായ രഞ്ജിനി നിര്‍മിച്ചതാണ് പേനകള്‍. ഓരോന്നിന്റെയും ഉള്ളില്‍ ഒരു വിത്ത് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പേന ഉപേക്ഷിക്കപ്പെട്ടാല്‍ മണ്ണില്‍ക്കിടന്ന് ആ വിത്ത് മുളയ്ക്കുമെന്ന് പ്രതീക്ഷിക്കാം.
ആഗോളതാപനം ചെറുക്കാന്‍ ജില്ലാ ഭരണകൂടം വാണിജ്യസ്ഥാപനങ്ങളും സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ചു നടപ്പാക്കുന്ന പരിപാടിയാണ് സി-ഫൈവ്. 'ചേഞ്ച് ക്യാന്‍ ചേഞ്ച് .എന്ന സന്ദേശവാക്യത്തിലെ ആദ്യ അക്ഷരങ്ങളാണ് സി-ഫൈവ്. മാറ്റം വരുത്തി കാലാവസ്ഥാമാറ്റത്തെ ചെറുക്കാമെന്നാണ് ഈ സന്ദേശത്തിനര്‍ഥം. 'സമൃദ്ധി' എന്ന പേരില്‍.സ്ഥലമുടമകളുടെയും വിദ്യാര്‍ഥികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും, കൃഷിവകുപ്പുദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് സി-ഫൈവ് നഗരത്തിലെ തരിശിടങ്ങളില്‍ ജൈവപച്ചക്കറിക്കൃഷി നടപ്പാക്കുന്നത്.സമൃദ്ധി പദ്ധതിക്കായി കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ അനുവദിച്ച 20 സെന്റ് സ്ഥലത്തു മന്ത്രിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.
Share your comments