1. News

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു മന്ത്രിസഭയുടെ അംഗീകാരം

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ (പിഎസിഎസ്) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. പിഎസിഎസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അനുമതി.

Meera Sandeep
Cabinet approves computerization of Primary Agricultural Credit Societies
Cabinet approves computerization of Primary Agricultural Credit Societies

ന്യൂഡൽഹി: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ (പിഎസിഎസ്) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. പിഎസിഎസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അനുമതി. പിഎസിഎസിന് അവരുടെ വ്യവസായം വൈവിധ്യവല്‍ക്കരിക്കാനും നിരവധി പ്രവര്‍ത്തനങ്ങള്‍/സേവനങ്ങള്‍ ഏറ്റെടുക്കാനും ഇത് അവസരമൊരുക്കും. കേന്ദ്രഗവണ്‍മെന്റിന്റെ 1528 കോടി രൂപ വിഹിതമുള്‍പ്പെടെ ആകെ 2516 കോടി രൂപയുടെ ബജറ്റ് അടങ്കലോടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമായ ഏകദേശം 63,000 പിഎസിഎസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനാണു പദ്ധതിനിര്‍ദേശം.

ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന, ഏകദേശം 13 കോടി കര്‍ഷകര്‍ അംഗങ്ങളായ രാജ്യത്തെ ത്രിതല ഹ്രസ്വകാല സഹകരണ വായ്പയുടെ (എസ്ടിസിസി) താഴെത്തട്ടിലുള്ളതാണ് പ്രാഥമിക കാര്‍ഷിക സഹകരണ വായ്പാസംഘങ്ങള്‍ (പിഎസിഎസ്). രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നല്‍കുന്ന കെസിസി വായ്പകളില്‍ 41% (3.01 കോടി കര്‍ഷകര്‍) പിഎസിഎസ് മുഖേനയാണ്. പിഎസിഎസ് വഴിയുള്ള ഈ കെസിസി വായ്പയുടെ 95 ശതമാനം (2.95 കോടി കര്‍ഷകര്‍) ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കായുള്ളതാണ്. മറ്റു രണ്ടുതലങ്ങള്‍, അതായത്, സംസ്ഥാന സഹകരണ ബാങ്കുകളും (എസ്ടിസിബി) ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും (ഡിസിസിബി) ഇതിനകം തന്നെ നബാര്‍ഡിന്റെ കീഴില്‍ കോമണ്‍ ബാങ്കിങ് സോഫ്റ്റ്വെയറിന്റെ (സിബിഎസ്) ഭാഗമായിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പരിശീലനം, വായ്പാ , വിപണനം ഇവയ്ക്ക് സഹായം കൃഷി വകുപ്പ് തരും.

എങ്കിലും, ഭൂരിഭാഗം പിഎസിഎസുകളും ഇതുവരെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. ഇതു കാര്യക്ഷമതയില്ലായ്മയ്ക്കും വിശ്വാസ്യത കുറയ്ക്കുന്നതിനും കാരണമാകുന്നു. ചില സംസ്ഥാനങ്ങളില്‍ പിഎസിഎസുകള്‍ ഒറ്റപ്പെട്ട തോതിലോ ഭാഗികമായോ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്. എന്നാല്‍ അവിടങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളില്‍ ഏകീകരണമില്ല. മാത്രമല്ല അവ ഡിസിസിബികളുമായും എസ്ടിസിബികളുമായും ബന്ധിപ്പിച്ചിട്ടുമില്ല.  കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാര്‍ഗനിര്‍ദേശപ്രകാരം, രാജ്യത്തുടനീളമുള്ള എല്ലാ പിഎസിഎസുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനും ദേശീയതലത്തില്‍ പൊതു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനും പ്രതിദിന ഇടപാടുകള്‍ക്കായി കോമണ്‍ അക്കൗണ്ടിങ് സിസ്റ്റം (സിഎഎസ്) ഉണ്ടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കിസ്സാൻ ക്രെഡിറ്റ് കാർഡിന്റെ പ്രയോജനം കാർഷിക അനുബന്ധ മേഖലയിൽ കൂടി ലഭിക്കും.അതും നമ്മുടെ സഹകരണ സംഘങ്ങൾ വഴി.

പിഎസിഎസിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് (എസ്എംഎഫ്) സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങള്‍ക്കായി  സഹായകമാകും. വിവിധ സേവനങ്ങള്‍ക്കും രാസവളങ്ങള്‍, വിത്തുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനുമുള്ള നോഡല്‍ സേവന വിതരണ കേന്ദ്രമായി മാറുകയും ചെയ്യും. ഗ്രാമീണ മേഖലയിലെ ഡിജിറ്റല്‍വല്‍ക്കരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഔട്ട്‌ലെറ്റുകള്‍ എന്ന നിലയില്‍ പിഎസിഎസിന്റെ വ്യാപനം മെച്ചപ്പെടുത്താന്‍ പദ്ധതി സഹായിക്കും. പിഎസിഎസ് വഴി നടപ്പിലാക്കാന്‍ കഴിയുന്ന വിവിധ ഗവണ്‍മെന്റ് പദ്ധതികള്‍ (വായ്പയും സബ്‌സിഡിയും ഉള്‍പ്പെടുന്നത്) ഏറ്റെടുക്കുന്നതിനുള്ള പ്രധാന ഓപ്ഷനുകളിലൊന്നായി ഡിസിസിബികള്‍ക്കു സ്വയം എന്റോള്‍ ചെയ്യാം. വായ്പകളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍, കുറഞ്ഞ കൈമാറ്റച്ചെലവ്, വേഗത്തിലുള്ള ഓഡിറ്റ്, സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുമായുള്ള പണമിടപാടുകളിലെ അസന്തുലിതാവസ്ഥ പരിഹരിക്കല്‍ എന്നിവയ്ക്കും ഇതു സഹായകമാകും.

സൈബര്‍ സുരക്ഷയും ഡേറ്റ സംഭരണവും ഉള്ള ക്ലൗഡ് അധിഷ്ഠിത പൊതു സോഫ്റ്റ്വെയറിന്റെ വികസനം, പിഎസിഎസിന് ഹാര്‍ഡ്വെയര്‍ പിന്തുണ നല്‍കല്‍, മെയിന്റനന്‍സ് പിന്തുണയും പരിശീലനവും, നിലവിലുള്ള രേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം എന്നിവ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രാദേശിക ഭാഷയിലായിരിക്കും ഈ സോഫ്റ്റ്വെയര്‍. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകള്‍ (പിഎംയു) സ്ഥാപിക്കും. 200 പിഎസിഎസുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ ജില്ലാതല പിന്തുണയും നല്‍കും. പിഎസിഎസിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളുടെ കാര്യത്തില്‍, സാധാരണ സോഫ്‌റ്റ്വെയറുമായി സംയോജിപ്പിക്കാന്‍ അവര്‍ സമ്മതിക്കുകയും, അവരുടെ ഹാര്‍ഡ്വെയര്‍ മതിയായ സ്പെസിഫിക്കേഷനുകള്‍ പാലിക്കുകയും,  സോഫ്റ്റ്വെയര്‍ 2017 ഫെബ്രുവരി 1ന് ശേഷം കമ്മീഷന്‍ ചെയ്തതുമാണെങ്കില്‍ ഓരോ പിഎസിഎസിനും 50,000 രൂപ മടക്കി നല്‍കും.

English Summary: Cabinet approves computerization of Primary Agricultural Credit Societies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds