കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തെ കാര്‍ഷിക വായ്പകള്‍ കൂടി കാര്‍ഷിക കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് യോഗത്തില്‍ തീരുമാനമായത്. ഏറ്റവും കൂടുതല്‍ കാര്‍ഷിക ആത്മഹത്യ നടന്ന വയനാട് ജില്ലയില്‍ ഒഴികെ ജില്ലകളിലുള്ളവര്‍ 2011 ഒക്ടോബര്‍ 31 വരെയെടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിനു പരിഗണിക്കും. വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പാ കാലാവധി 2014 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് പുതിയ തീരുമാനമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. നേരത്തേ 2007 വരെയുള്ള കടങ്ങളാണ് കാര്‍ഷിക കടാശ്വാസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വയനാട് ജില്ലയില്‍ കാര്‍ഷിക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരിധി 2011 വരെ നീട്ടിയിരുന്നു. ഇതാണ് നാലു വര്‍ഷത്തേക്ക് കൂടി നീട്ടിയത്.
സഹകരണ ബാങ്കുകളില്‍നിന്ന് കര്‍ഷകര്‍ എടുത്ത വായ്പകളാണ് കാര്‍ഷിക കടാശ്വാസ പരിധിയില്‍ പരിഗണിക്കുന്നത്. 50,000 രൂപ വരെയുള്ള വായ്പകളുടെ 75 ശതമാനവും അതിന് മുകളിലുള്ള വായ്പകളുടെ 50 ശതമാനവും എഴുതിത്തള്ളും. പരമാവധി ഒരു ലക്ഷം രൂപവരെയാണ് എഴുതിത്തള്ളുക. സഹകരണ ബാങ്കുകള്‍ക്ക് ഈ തുക സര്‍ക്കാര്‍ നല്‍കും. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ എടുത്ത വായ്പകള്‍ കാര്‍ഷിക കടാശ്വാസ പരിധിയില്‍ വരില്ല.
Share your comments