കാഡ്സിന്റെ നേതൃത്വത്തിൽ മാങ്കുളം പഞ്ചായത്തിൽ നടപ്പിലാക്കിയ ജൈവകൃഷി വ്യാപന പരിപാടിയുടെ ഫലമായി കൊക്കോയ്ക്കും പച്ചക്കറികൾക്കും ഉയർന്ന വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ മേയ് മാസം മുതലാണ് ജൈവ സർട്ടിഫിക്കറ്റ് നേടിയ കർഷകരിൽ നിന്ന് എക്സ്പോർട്ട് ഏജൻസി മുഖേന കൊക്കോയും കാഡ്സ് നേരിട്ട് പച്ചക്കറികളും സംഭരിക്കാൻ ആരംഭിച്ചത്. ജൈവ കൊക്കോയുടെ ആദ്യ കണ്ടയ്നർ ഈ ആഴ്ച സ്വിറ്റ്സർലന്റിലേക്ക് പോകും.12 ആഴ്ചകളിലായി 40 ടൺ കൊക്കോയാണ് ഇവിടെ നിന്ന് ശേഖരിച്ചത്. പൊതുവിപണിയേക്കാൾ 10 രൂപ കൂടുതൽ ഇവിടെ കർഷകർക്ക് ലഭിക്കും. നാല് ലക്ഷം രൂപയുടെ അധിക വരുമാനം കൈവന്നതിൽ കർഷകർ ആഹ്ളാദത്തിലാണ്. ഈ വർഷം 250 ടൺ പച്ചകൊക്കോ സംഭരിക്കുന്നതിനാണ് ലക്ഷ്യമെന്ന് കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ പറഞ്ഞു.
നിലവിൽ ജൈവസർട്ടിഫിക്കറ്റ് നേടിയ 345 കർഷകർക്കാണ് ഇപ്പോൾ അധിക സാമ്പത്തിക നേട്ടം ലഭിക്കുന്നത്. കൂടാതെ 3.5 ലക്ഷം രൂപയുടെ ജൈവ പച്ചക്കറികളും ഇവിടെ നിന്ന് സംഭരിച്ച് എറണാകുളത്തെ കാഡ്സ് മാർക്കറ്റിൽ എത്തിച്ചു. പച്ചക്കറി ലഭ്യത വർദ്ധിക്കുന്നതനുസരിച്ച് ആഴ്ചയിൽ രണ്ട് ദിവസം എന്ന രീതിയിൽ സംഭരണം വർദ്ധിപ്പിക്കും. സർട്ടിഫിക്കറ്റ് നേടിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾക്കും വിദേശ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് കാഡ്സ്. ജൈവ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പിന്നീട് പുതുക്കാത്തവർക്ക് സർട്ടിഫിക്കേഷൻ സ്കീമിൽ പുനപ്രവേശനം നൽകുന്നതിനും കാഡ്സ് ഭരണ സമിതി തീരുമാനിച്ചു. ഇതനുസരിച്ച് താത്പര്യമുള്ള കർഷകർക്കും പഴയ സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കാമെന്ന് സെക്രട്ടറി കെ.വി ജോസ് അറിയിച്ചു.
Share your comments