ഏലത്തിനു മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് വില . പ്രളയക്കെടുതിയിലും ഏലം കര്‍ഷകര്‍ക്ക് ഇതൊരു വല്യ സഹായമായി. ഏലം കൃഷി ഈ പ്രളയത്തില്‍ വല്യ നാശ നഷ്ടം നേരിട്ടിരുന്നു. ഇത് വഴി ഏലം കൃഷി മേഖലയില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം കൃഷിക്കാര്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ അസന്നിഗ്ദ്ധ വേളയില്‍ ഏലത്തിനു മാര്‍ക്കറ്റില്‍ വിലകൂടിയത് കര്‍ഷകരെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. ദീപാവലി സീസണ്‍ മുന്നില്‍ കണ്ടു ഉത്തരേന്ത്യന്‍ വ്യാപാരികള്‍ വിപണിയില്‍ സജീവമായതും കാലവര്‍ഷക്കെടുതി മൂലം തുടര്‍ ഉത്പാദനം കുറയും എന്ന ധാരണയുമാണ് ഏലത്തിന് വില കൂടാന്‍ കാരണം.
ചരിത്രത്തിലെ ഏറ്റവും വല്യ വിലയാണ് കഴിഞ്ഞ വാരം പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന ലേലത്തില്‍ രേഖപ്പെടുത്തിയത്.ഉയര്‍ന്ന വില 2227 രൂപയും ശരാശരി വില 1323 രൂപക്കുമാണ് വില്പന നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ലേല കേന്ദ്രങ്ങളില്‍ 831000 കിലോഗ്രാം കായ് ലേലത്തിനെത്തി. ഓഗസ്റ്റ് ആദ്യം ഉയര്‍ന്ന വില 1526 രൂപയും ശരാശരി വില 963 രൂപയും ആയിരുന്നു. വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇത് അടുത്തിടെയുണ്ടായ തകര്‍ച്ചയുടെ ഈ വേളയിലും കര്‍ഷകര്‍ക്ക് ഉത്സാഹം നല്‍കുന്നു. ഗുണമേന്മ കുറഞ്ഞ ഗ്വാട്ടിമലഏലത്തില്‍ അപകടകരമായ കീടനാശിനി പ്രയോഗം ഇല്ലാത്തതിനാല്‍ ഇപ്പൊള്‍ അവയ്ക്കു വലിയ ഡിമാന്‍ഡ് ആണ്. ഇത് രാസവള പ്രയോഗത്തിലൂടെ കൂടിയ വിളവ് ലഭിക്കുന്ന മുന്തിയ ഇനം ഏലത്തിന് ആഗോള വിപണിയില്‍ തകര്‍ച്ച നേരിടാനും കാരണമായി. വിഷ രഹിത ഏലക്കാ ഉല്പാദനത്തില്‍ കൂടി മാത്രമേ ഇന്ത്യന്‍ ഏലക്കയ്ക്ക് ലോക വിപണി കീഴടക്കാന്‍ പറ്റുകയുള്ളു. അതിനുള്ള പദ്ധതികള്‍ സ്പൈസസ് ബോര്‍ഡ് ആസൂത്രണം ചെയ്യുന്നുണ്ട് .
മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് അവശ്യം വേണ്ടുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ഗുണമേന്മയുള്ള ഏലക്ക ഉല്പാദിപ്പിക്കാന്‍ പര്യാപ്തമായ നടപടികള്‍ സ്പൈസസ് ബോര്‍ഡ് സ്വീകരിച്ചു വരികയാണ്. ഏലം വില ഉയരുമ്പോള്‍ ലാഭം കൊയ്യാന്‍ ചില ഏജന്‍സികള്‍ ബിനാമികളെ ഉപയോഗിച്ച് മൊത്തം ഏലക്ക ലേലത്തില്‍ പിടിച്ച് ഒരേ ഏലക്ക പല തവണ ലേലത്തില്‍ വച്ച് ഓരോ തവണയും കമ്മീഷന്‍ പറ്റുകയാണെന്നൊരാക്ഷേപം കര്‍ഷകര്‍ക്കുണ്ട്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാന്‍ ഇത് തടസ്സമാകുമെന്നാണ് അവര്‍ പറയുന്നത്. സ്പൈസസ് ബോര്‍ഡ് ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഫലപ്രദമായ ലേല നടപടികളിലൂടെ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭ്യമാകും എന്നും അവര്‍ കരുതുന്നു.
ഏലത്തിനു വിലകൂടിയതു പ്രാദേശിക മോഷണം കൂടാനും കാരണമായിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ഏലക്ക മോഷണം വ്യാപകമായതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. പച്ച ഏലക്ക 250 രൂപ വരെ വിലയുള്ളതിനാല്‍ മോഷണം കൂടാന്‍ കാരണമായി. കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കകുകയാണ് അതിനു വേണ്ടി അധികാരികള്‍ ചെയ്യേണ്ടത് എന്നാണ് ഏക്കറുകണക്കിന് ഏലം കൃഷി ചെയ്യുന്ന കര്‍ഷകര്‍ പറയുന്നത്. മഴക്കെടുതി മൂലം ഏലത്തിന് ഉണ്ടായ അഴുകല്‍ രോഗം, തട്ട മറിച്ചില്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ പ്രതിവിധികള്‍ മയിലാടും പാറയിലെ ഏലം ഗവേഷണകേന്ദ്രത്തില്‍ നിന്നും പാമ്പാടും പാറയിലെ ഏലം ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
കെ.ബി ബൈന്ദ,
ബ്യൂറോ ചീഫ്, കൃഷി ജാഗരൺ, ആലപ്പുഴ
Share your comments