കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാക്കി വയനാട് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നൈപുണ്യ വികസനസമിതി യോഗം തീരുമാനിച്ചു.
ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോജക്ടുകള്‍ ഒരുക്കുടക്കീഴില്‍ കൊണ്ടുവരും. തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്ന കോഴ്‌സുകള്‍ ഇതിനായി അനുവദിക്കും. തൊഴില്‍ നേടുന്നവരുടെ എണ്ണം പടപടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആസ്പിറേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയതില്‍ ജില്ലാ നൈപുണ്യ വികസന വികസനസമിതി ജില്ലാ സ്‌കില്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
ജില്ലയിലെ നൈപുണ്യ വികസന പദ്ധതികളെ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ജില്ലാ സ്‌കില്‍ കമ്മിറ്റിയെ സഹായിക്കാനുള്ള ഒരു മുഴുവന്‍ സമയ സംവിധാനമായാണ് ജില്ലാ സ്‌കില്‍ സെക്രട്ടറിയേറ്റ് രൂപീകരിച്ചിട്ടുള്ളത്. സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. ബ്ലോക്ക് തലത്തിലുള്ള സംവിധാനങ്ങളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി കാര്യക്ഷമമായി സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനായി ജില്ലയില്‍ ബ്ലോക്ക് തല സ്‌കില്‍സഭ സംഘടിപ്പിക്കും. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി 'സങ്കല്‍പ്' സ്‌കീമില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള 16.67 ലക്ഷം രൂപ വിനിയോഗിക്കും.
ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് ജില്ലയിലെ 40 കുട്ടികള്‍ക്ക് പ്ലേസ്‌മെന്റ് നല്‍കാമെന്ന ഉറപ്പോടെ സൗജന്യമായി നല്‍കും. ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ചാണ് ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. ഒക്ടോബറോടുകൂടി കുട്ടികള്‍ക്ക് പ്ലേസ്‌മെന്റ് ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഗവ. അംഗീകൃത ഏജന്‍സികളുടെയോ അംഗീകാരമുള്ള കോഴ്‌സുകളാണ് ജില്ലയില്‍ നടപ്പിലാക്കുക. ജില്ലാ സ്‌കില്‍ സെക്രട്ടേറിയറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ആവശ്യമായ ഇന്റേണ്‍സിനെ നിയമിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടുകൂടി വെബ് പേജുകള്‍ ഡെവലപ്പ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അടുത്തവര്‍ഷത്തെ നെപുണ്യ വികസന പദ്ധതി തയ്യാറാക്കുന്നതിനായി എല്ലാ വകുപ്പുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശില്‍പ്പശാല നടത്തും. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി അനില്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ വരുണ്‍ മാടമന, മഹാത്മാഗാന്ധി നാഷണല്‍ ഫെലോ കെ.എച്ച് അന്‍വര്‍ സാദത്ത്, കമ്മിറ്റി അംഗങ്ങളായ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Share your comments