ഇടുക്കി : ജില്ലയിൽ കളർപൊടി ചേർത്ത ഏലക്കാ വ്യാപകമായ സാഹചര്യത്തിൽ രണ്ടു ദിവസമായി സ്‌പൈസസ് ബോർഡും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ നെടുങ്കണ്ടത്തെ ഒരു സ്ഥാപനത്തിൽ നിന്ന് ഏലക്കയ്ക്കു നിറം ലഭിക്കുന്നതിനായി ചേർക്കുന്ന മിശ്രിതം കണ്ടെടുത്തു. 2475 കിലോഗ്രാം സോഡിയം കാർബണേറ്റ് ആണ് പിടിച്ചെടുത്തത്.
മുണ്ടിയെരുമ ദേവഗിരിയിൽ പ്രവർത്തിക്കുന്ന ആനടിയിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ സ്‌പൈസസ് ബോർഡും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന സോഡിയം കാർബനേറ്റ് കണ്ടെത്തിയത്. സോഡിയം കാർബനേറ്റ്, ആപ്പിൾ ഗ്രീൻ , ഫുഡ്‌ഗ്രേഡ് കളർ എന്നിവ പ്രത്യേക അനുപാതത്തിൽ കൂട്ടി ചേർത്ത് തയ്യാറാക്കുന്ന കളർപൊടി ഓർഡർ ലഭിക്കുന്ന മുറയ്ക്ക് കടകളിൽ എത്തിച്ചു നൽകുകയായിരുന്നു ഈ സ്ഥാപനത്തിലെ ആൾക്കാർ. 70 രൂപ ചെലവിൽ നിർമ്മിക്കുന്ന ഒരു കിലോ പൊടി സ്റ്റോറുകളിൽ 200 രൂപ നിരക്കിലാണ് വിറ്റിരുന്നത്.
കഴിഞ്ഞ ദിവസം കുത്തുങ്കലിലെ ഏലക്ക സ്റ്റോറിൽ നിന്നും ആനടി ഇന്ഡസ്ട്രീസിൽ തയ്യാറാക്കിയ കളർപൊടി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആനടി ഇന്ഡസ്ട്രീസിൽ പരിശോധന നടത്തിയത്. എന്നാൽ ആനടി ഇൻഡസ്ട്രീസിൽ നിന്നും മിശ്രിതം കണ്ടെത്തിയിട്ടില്ല. മിശ്രിതം തയാറാക്കുന്ന അസംസ്‌കൃത വസ്തുക്കളും ഒഴിഞ്ഞ കുപ്പികളുമാണ് കണ്ടെത്തിയത്. ഇവിടെ നിന്നും ലഭിച്ച അസംസ്‌കൃത വസ്തുക്കളുടെ സാംപിളുകൾ ശേഖരിച്ചു കാക്കനാട്ടുള്ള ലാബിൽ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചു.
ഏലക്കയിൽ കളർപ്പൊടി ചേർക്കുന്നതുമൂലം മനുഷ്യശരീരത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇലവാഴകൃഷിയിലൂടെ വരുമാനം നേടാം.
Share your comments